പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നേതാവ് പി.പി.ദിവ്യയ്ക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് നൽകി കുടുംബം. 65 ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇരുവർക്കുമെതിരെ കേസ് ഫയൽ ചെയ്തത്. കേസ് ഫയലിൽ സ്വീകരിച്ച പത്തനംതിട്ട സബ് കോടതി രണ്ടുപേർക്കും നോട്ടിസ് അയച്ചു. ഹർജി അടുത്ത മാസം പരിഗണിക്കും. എഡിഎമ്മിനെ അഴിമതിക്കാരനായി ചിത്രീകരിച്ചെന്ന് ഹർജിയിൽ പറയുന്നു.
അതേസമയം 2024 ഒക്ടോബർ 15നു പുലർച്ചെയാണ് നവീൻ ബാബുവിനെ കണ്ണൂർ നഗരത്തിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെട്രോൾ പമ്പിന്റെ അപേക്ഷയിൽ നടപടിയെടുക്കാൻ വൈകിയതിന്റെ പേരിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പൊതുവേദിയിൽ വച്ചു പരസ്യമായി അവഹേളിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ.
പരിയാരം ഗവ .മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനായിരുന്ന ടി.വി. പ്രശാന്തന്റെ പേരിലാണ് പെട്രോൾ പമ്പിന് അപേക്ഷ നൽകിയിരുന്നത്. എൻഒസി ലഭിക്കാൻ നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം. ഇതിനിടെ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിനു സഹപ്രവർത്തകർ കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പു യോഗത്തിൽ ക്ഷണിക്കപ്പെടാതെയെത്തി പി.പി. ദിവ്യ ആക്ഷേപ പ്രസംഗം നടത്തിയത് ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. പിന്നാലെ നവീൻ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു.
പെട്രോൾ പമ്പ് ബെനാമി ഇടപാടാണെന്നും ബെനാമിയെ കണ്ടെത്തണമെന്നും നവീൻ ബാബുവിന്റെ കുടുംബം തുടക്കം മുതലേ ആവശ്യപ്പെട്ടെങ്കിലും പ്രത്യേക അന്വേഷണസംഘം ഇക്കാര്യം അന്വേഷിച്ചിട്ടില്ല. നവീൻ ബാബു കൈക്കൂലി വാങ്ങി എന്നതിനു തെളിവില്ലെന്നു വകുപ്പുതല അന്വേഷണത്തിലും വിജിലൻസ് സ്പെഷൽ സെല്ലിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. നവീൻ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കുടുംബത്തിന്റെ പരാതിയിലും നടപടിയെടുത്തിട്ടില്ല.
















































