ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ബസിന് തീപിടിച്ച് 20 പേര്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍. അപകടത്തിന് തൊട്ടുമുന്‍പ് ഇയാള്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
അപകടത്തിന് മുന്‍പ് ബൈക്കോടിച്ചിരുന്ന യുവാവും മറ്റൊരാളും ഒരു പെട്രോള്‍ പമ്പിലെത്തിയിരുന്നു. ഇവിടെ എത്തിയപ്പോള്‍ ഇരുവരും മദ്യലഹരിയിലായിരുന്നു. തുടര്‍ന്ന് യുവാവ് പമ്പില്‍ അല്പസമയം ചിലവഴിച്ചശേഷം ബൈക്കുമായി പോയി. ഈ സമയം ബൈക്കിന്റെ നിയന്ത്രണംനഷ്ടമായി വീഴാന്‍ പോകുന്നതും പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി തീപിടിച്ച് വന്‍ ദുരന്തമുണ്ടായത്.
നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബൈക്ക് ബസിനടിയില്‍ കുടുങ്ങി റോഡില്‍ ഉരഞ്ഞ് ഇന്ധനടാങ്ക് പൊട്ടുകയും തീപിടിക്കുകയുംചെയ്തു. അപകടത്തില്‍ ബസിലുണ്ടായിരുന്ന 19 പേരും ബൈക്ക് യാത്രികനും മരിച്ചു.
കുര്‍ണൂല്‍ ജില്ലയിലെ ഉള്ളിന്ദാകൊണ്ടയ്ക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. കാവേരി ട്രാവല്‍സ് കമ്പനിയുടെ സ്ലീപ്പര്‍ ബസ് അപകടത്തില്‍ പൂര്‍ണമായും കത്തിനശിച്ചു. രണ്ട് ഡ്രൈവര്‍മാരടക്കം 42 പേരായിരുന്നു ബസിലുണ്ടായിരുന്നത്. യാത്രക്കാരില്‍ മിക്കവരും ഉറക്കത്തിലായതിനാലാണ് മരണനിരക്ക് ഉയര്‍ന്നത്. അപകടത്തില്‍പ്പെട്ടതോടെ ബസിന്റെ വാതില്‍ അടഞ്ഞതിനാല്‍ യാത്രക്കാര്‍ കുടുങ്ങുകയായിരുന്നു.
അതേസമയം, അപകടത്തിന് പിന്നാലെ ബസ്സോടിച്ചിരുന്ന ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. എന്നാല്‍, ബസിലുണ്ടായിരുന്ന രണ്ടാമത്തെ ഡ്രൈവര്‍ ചില്ലുകള്‍ പൊട്ടിച്ച് യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. പലരെയും ഇത്തരത്തില്‍ ചില്ലുകള്‍ പൊട്ടിച്ചാണ് പുറത്തെടുത്തതെന്നും ഓടിരക്ഷപ്പെട്ട പ്രധാന ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്തതാ.യും പോലീസ് പറഞ്ഞു.















































