ശരിക്കും കേരളത്തിൽ നടക്കുന്നത് തൊഴിലാളിവർഗ്ഗ സമഗ്രാധിപത്യമാണോ, അതോ അധികാരവർഗാധിപത്യമാണോയെന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്നിവിടെ നോക്കിയാൽ അടിച്ചമർത്തലുകളല്ലാതെ മറ്റൊന്നും കാണാനില്ല. കേരളത്തിൽ ഇടതുപക്ഷം പ്രവർത്തനം തുടങ്ങിയതു മുതൽ ഇടതുപക്ഷ നേതാക്കൾ നിരന്തരം മന്ത്രം പോലെ ഉരുവിടുന്ന വാക്കാണ് തൊഴിലാളിവർഗ്ഗ സമഗ്രാധിപത്യം എന്നത്. സമൂഹത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെ സമ്പൂർണ്ണമായ ആധിപത്യം എന്നതാണ് മാർക്സിസ്റ്റ് ചിന്താഗതി മുന്നോട്ടുവയ്ക്കുന്ന ആശയം.
ഈ മാർക്സിസ്റ്റ് ആശയം പേറുന്ന ഒരു സംസ്ഥാന സർക്കാർ കേരളം ഭരിക്കുമ്പോഴാണ് ആശ വക്കർമാർക്ക് അനീതിയും അവഗണനയും നേരിടേണ്ടി വരുന്നത്. ജീവിക്കാൻ വേണ്ടി ആശാവർക്കർമാർ സമരം ചെയ്യുമ്പോൾ ആ സമരത്തിന് നേരെ മുഖം തിരിക്കുക മാത്രമല്ല, പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുക കൂടിയാണ് സർക്കാർ. നമ്മുടെ സമൂഹത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന ആശമാരെ ഈ വിധം നേരിടുന്നത് ഒരിക്കലും കേരളം പോലൊരു സംസ്ഥാനത്തിന് ചേരുന്നതല്ല. സർക്കാരിന്റെ മുന്നിൽ ആശയാദർശങ്ങൾ പണയം വെച്ച സാംസ്കാരിക നായകർ ഈ വിഷയം കണ്ട ഭാവം പോലും നടിക്കുന്നില്ല. നിലവിലെ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം എന്നത് വലിയ വിരോധാഭാസമാണ്. ഒരു ഭാഗത്ത് സമൂഹത്തിനുവേണ്ടി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന ആശമാർ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കാനായി സമരം ചെയ്യുമ്പോൾ ആശമാരോട് ശത്രുക്കളെപ്പോലെ പെരുമാറുന്ന സർക്കാർ, മറുഭാഗത്ത് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് നൽകാത്ത സേവനത്തിന് കോടികളുടെ പ്രതിഫലം സ്വകാര്യ കമ്പനിയിൽ നിന്നും ലഭിക്കുന്നു. ഇനി ഇതാണോ മാക്സിസം മുന്നോട്ടുവയ്ക്കുന്ന തൊഴിലാളി സമഗ്രാധിപത്യം?
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ സമരം ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങൾ പലതായി. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ക്രമീകരണങ്ങൾ ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ പ്രാഥമിക അവകാശങ്ങൾക്ക് വേണ്ടിയാണ് ആശ വർക്കർമാർ സമരം ചെയ്തു പോരുന്നത്. നിപ്പയും കോവിഡും ഉൾപ്പെടെ മഹാമാരികളുടെ കാലത്ത് സംസ്ഥാനത്തിന് താങ്ങായി നിന്ന ആശാ വർക്കർമാരോട് സർക്കാർ കാണിക്കുന്നത് ശത്രുത മനോഭാവമാണ്.
കടലാസുകളിലെ തൊഴിലാളിവർഗ്ഗ സർക്കാർ പ്രവർത്തനങ്ങളിൽ തൊഴിലാളി വിരുദ്ധ സർക്കാറായി പെരുമാറുന്നു എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞദിവസം അതിജീവിത സമരത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് നേരെ ആശാവർക്കർമാർ നടത്തിയ മാർച്ചിനു നേരെ പോലീസ് ആക്രമണം ഉണ്ടായി. വനിതാ പോലീസുകാരി യാതൊരു പ്രകോപനവും ഇല്ലാതെ ലാത്തി കൊണ്ട് വയറ്റിൽ കുത്തിയെന്നും കൂട്ടത്തിൽ ഒരാളുടെ വസ്ത്രം വലിച്ച് കീറി എന്നും സമരത്തിന്റെ ഭാഗമായ ആശ വർക്കർ തന്നെ മാധ്യമങ്ങളോട് പറയുന്ന കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന പ്രതിഷേധ മാർച്ചിൽ, മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ പ്രതിപക്ഷ നിരയിലെ നേതാക്കളെയും കസ്റ്റഡിയിൽ എടുക്കുന്ന സമീപനമാണ് പോലീസിൽ നിന്നും ഉണ്ടായത്. തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്ന പ്രത്യയശാസ്ത്രം എങ്ങനെയാണ് തൊഴിലാളികളോട് പെരുമാറുന്നത് എന്ന് കേരളത്തിന് കാട്ടിത്തരുന്നത് ആയിരുന്നു കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങൾ.
അധികാരത്തിൻ്റെ അഹങ്കാരം സർക്കാരിനു തലയ്ക്കു പിടിച്ചിരിക്കുകയാണ്. ജനങ്ങൾ നൽകിയ അധികാരമാണിത്. സർക്കാരിൻ്റെ ഒന്നാം നമ്പർ ശത്രു ആശാ വർക്കർമാരാണ്. ആശമാരെ തോൽപിക്കാനായി അവരുടെ മേൽ വണ്ടി ഇടിച്ച് കയറ്റാനും മൈക്ക് എടുത്തുകൊണ്ടുപോകാനും ശ്രമിക്കുന്നു. എന്നിട്ടും സർക്കാരാണു തോറ്റത്. എല്ലാം തരണം ചെയ്ത ആശമാർക്ക് ബിഗ് സല്യൂട്ട് നൽകുന്നു എന്നാണ് കഴിഞ്ഞദിവസത്തെ സമരത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. പലപ്പോഴായി ആശാവർക്കർമാരുടെ സമരപ്പന്തൽ സന്ദർശിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ കൃത്യമായി ഈ വിഷയത്തിലെ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആശ വക്കർമാരുടെ അവകാശങ്ങൾക്കൊപ്പമാണ് കോൺഗ്രസും പ്രതിപക്ഷവും എന്ന് കോൺഗ്രസ് നേതാക്കളുടെ ഇടപെടലുകൾ ഒരിക്കൽ കൂടി കാട്ടിത്തന്നു.
കഴിഞ്ഞദിവസം മണിക്കൂറുകൾ നീണ്ട പ്രതിഷേധ സമരം ഒടുവിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതിനെ തുടർന്നാണ് അവസാനിച്ചത്. ആശാവർക്കർമാർ ഒരു ശക്തമായ വോട്ടുബാങ്ക് ആയിരുന്നുവെങ്കിൽ സർക്കാർ ഈ സമീപനം തന്നെയായിരിക്കുമോ സ്വീകരിക്കുക എന്ന ചോദ്യം സർക്കാറിനു നേരെ സമരാനുകൂലികൾ ചോദിക്കുന്നുണ്ട്. വെള്ളാപ്പള്ളി നടേശനെ പോലെ നാഴികയ്ക്ക് നാൽപ്പത് വട്ടം വർഗീയ പരാമർശങ്ങൾ നടത്തുന്ന ഒരാളെ മുഖ്യമന്ത്രി കാറിൽ കയറ്റി കൊണ്ടുപോകും, എന്നാൽ ആശാവർക്കർമാർക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കണമെങ്കിൽ ഇത്തരത്തിൽ മണിക്കൂറുകൾ നീളുന്ന പ്രതിഷേധ സമരങ്ങളും പോലീസുമായുള്ള മൽപ്പിടുത്തവും ആവശ്യമാണ്. സാധാരണക്കാരുടെ സർക്കാർ എന്നുപറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷം ഇന്ന് സാധാരണക്കാരന്റെ കഞ്ഞിയിൽ മണ്ണുവാരി ഇടുകയാണ്. ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് സംസ്ഥാനസർക്കാർ നേരത്തെ ഒരു സമിതി നിയോഗിച്ചിരുന്നു, എന്നാൽ ആ സമിതി നൽകിയ റിപ്പോർട്ട് പോലും വെളിച്ചം കാണുന്നില്ല എന്നതാണ് സ്ഥിതി വിശേഷം.
ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയോ, വഴിവിട്ട കാര്യങ്ങൾക്ക് വേണ്ടിയോ അല്ല. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ക്രമീകരണങ്ങൾ ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടിയാണ് ആശാവർക്കർമാർ സമരം ചെയ്യുന്നത്. ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ഈ ആരോഗ്യ പ്രവർത്തകരെ ശത്രുക്കളെ പോലെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ആശാവർക്കർമാർ ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ഇതേ സംസ്ഥാനത്താണ് മാസപ്പടി വിവാദവും അരങ്ങേറുന്നത് എന്നു നാം മറക്കാൻ പാടില്ല. ചെയ്യാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സ്വകാര്യ കമ്പനി പ്രതിഫലം നൽകിയെന്ന ഇന്റ്ററിം സെറ്റിൽമെൻ്റ് ബോർഡിന്റെ കണ്ടെത്തലുകൾ നാമെല്ലാം പത്രമാധ്യമങ്ങളിലൂടെ വായിച്ചു കേട്ടുമറിഞ്ഞതാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് ചെയ്യാത്ത സേവനത്തിന് പ്രതിഫലം ലഭിക്കുമ്പോൾ, ചെയ്ത സേവനങ്ങൾക്ക് അർഹമായ പരിഗണനകൾ കിട്ടാത്തതിന്റെ പേരിലാണ് കഴിഞ്ഞ കുറച്ചധികം മാസങ്ങളായി ആശമാർ സമരം ചെയ്യുന്നത്.
ആശാവർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ കഴിഞ്ഞ 256 ദിവസങ്ങളായി സമരം നടത്തിവരുകയാണ്. തൊഴിലാളികളെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന പാർട്ടിയോ സർക്കാരോ ഈ സമരം കണ്ടമട്ടു നടിക്കുന്നില്ല. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച സമരം കനത്ത മഴയിലോ പലതവണ പോലീസ് ഉപയോഗിച്ച ജലപീരങ്കിയിലോ ഒന്നും പിരിഞ്ഞു പോയില്ല, വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച ഉറപ്പു നൽകിയപ്പോൾ മാത്രമാണ് ആശമാർ സമരം നിർത്തി പിരിഞ്ഞു പോകാൻ തയ്യാറായത്. ജീവിക്കാൻ വേണ്ടി പോരാടുന്ന ഒരു വിഭാഗം സ്ത്രീകളെയാണ് നാം ഇന്നലത്തെ ഒരു പകൽ മുഴുവൻ തലസ്ഥാന നഗരിയിൽ കണ്ടത്. സാധാരണക്കാരെ മറന്നു മുന്നോട്ടുപോകുന്ന സർക്കാരിന് ആശമാരുടെ പ്രശ്നം പരിഗണിക്കാനോ പരിഹരിക്കാനോ സമയമില്ലെന്ന് തോന്നുന്നു. മുഖ്യധാര മാധ്യമങ്ങളും, സാംസ്കാരിക നായകരും അവഗണിച്ചിട്ടും താങ്കളുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കാനായി സമരം ചെയ്യുന്ന ആശമാർ രാഷ്ട്രീയ കേരളത്തിന് മാതൃകയാണ്. നമുക്ക് ആവശ്യം വരുമ്പോൾ മാത്രമല്ല അവരുടെ ആവശ്യങ്ങളിലും ആശാവക്കർമാരെ കേരളം ഓർക്കേണ്ടിയിരിക്കുന്നു….















































