മോസ്‌കോ: ഓപ്പറേഷൻ ഗോസ്റ്റ് സ്‌റ്റോറീസിലൂടെ പിടിയിലായി അമേരിക്കയിൽനിന്ന് നാടുകടത്തപ്പെട്ട ‘ചാരസുന്ദരി’ക്ക് പുതിയ ചുമതല നൽകി റഷ്യയുടെ ചുവടുവയ്പ്പ്. ചാരവനിതയായ അന്ന ചാപ്മാനെയാണ് പുതുതായി സ്ഥാപിക്കുന്ന റഷ്യൻ ഇന്റലിജൻസ് മ്യൂസിയത്തിന്റെ മേധാവിയായാണ് നിയമിച്ചത്. മോസ്‌കോയിലെ ഗോർകി പാർക്കിലാണ് പുതിയ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
റഷ്യയുടെ വിദേശ ഇന്റലിജൻസ് സർവീസുമായി(എസ്‌വിആർ) ബന്ധപ്പെട്ടാണ് മ്യൂസിയത്തിന്റെ പ്രവർത്തനം. റഷ്യൻ ചാരവൃത്തിയുടെ ചരിത്രവും നേട്ടങ്ങളും പ്രദർശിപ്പിക്കുകയെന്നതാണ് ലക്ഷ്യം. എസ്‌വിആർ മേധാവിയായ സെർജി നരിഷ്‌കിനിന്റെ മേൽനോട്ടത്തിലായിരിക്കും മ്യൂസിയം പ്രവർത്തിക്കുകയെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിലുണ്ട്. ഈ മ്യൂസിയത്തിന്റെ മേധാവിയായാണ് കുപ്രസിദ്ധ ചാരവനിതയായ അന്ന ചാപ്മാനെയും നിയമിച്ചിരിക്കുന്നത്.
അതേസമയം 2010-ലാണ് റഷ്യൻ ചാരവനിതയായ അന്നയെ എഫ്ബിഐ ന്യൂയോർക്കിൽനിന്ന് അറസ്റ്റ് ചെയ്തത്. ‘ഓപ്പറേഷൻ ഗോസ്റ്റ് സ്‌റ്റോറീസ്’ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിലാണ് റഷ്യൻ സ്ലീപ്പർസെല്ലിന്റെ ഭാഗമായിരുന്ന അന്ന എഫ്ബിഐയുടെ പിടിയിലായത്. ഇതോടെയാണ് യുഎസിൽ താമസിച്ച് അന്ന നടത്തിയിരുന്ന ചാരവൃത്തികൾ പുറംലോകമറിഞ്ഞു. റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരിയെന്ന വ്യാജേനയാണ് അന്ന ചാപ്മാൻ 2009-ൽ മാൻഹാട്ടനിൽ താമസിച്ചിരുന്നത്. എന്നാൽ, ഇവിടെ താമസിക്കുന്നതിനിടെ റഷ്യൻ ഉദ്യോഗസ്ഥരുമായി അന്ന നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി എഫ്ബിഐ കണ്ടെത്തി.
റഷ്യയുമായി സംവേദിക്കാൻ രഹസ്യ വയർലെസ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. തുടർന്നു 2010 ജൂൺ 27-നാണ് അന്ന ചാപ്മാനെയും മറ്റ് ഒൻപതുപേരെയും എഫ്ബിഐ അറസ്റ്റ്‌ചെയ്തത്. പിടിയിലായി 12-ാം ദിവസമാണ് റഷ്യൻ ഏജന്റുമാർക്കുവേണ്ടി ചാരവൃത്തി നടത്തിയെന്നകാര്യം അന്ന സമ്മതിച്ചത്. ഇതിനുപിന്നാലെ അന്നയെ മോസ്‌കോയിലേക്ക് നാടുകടത്തുകയായിരുന്നു.
അതേസമയം യുഎസിൽ പിടിയിലാകുന്നതിന് മുൻപ് അന്ന ലണ്ടനിലും താമസിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇവിടെ താമസിക്കുന്നതിനിടെ വിവിധ രാഷ്ട്രീയക്കാരുമായും ബിസിനസുകാരുമായും മറ്റ് ഉന്നതരുമായും അന്ന ബന്ധം സ്ഥാപിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് റഷ്യൻ ഏജന്റ് ഇവരെ ചാരവൃത്തിക്കായി റിക്രൂട്ട്‌ചെയ്തത്. അലക്‌സ് ചാപ്മാൻ എന്നയാളെ വിവാഹംചെയ്തതോടെ അന്ന നേരത്തേ ബ്രിട്ടീഷ് പൗരത്വം നേടിയിരുന്നു. പക്ഷേ, ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. മാത്രമല്ല, അന്ന തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതായ് ആരോപിച്ച് ഭർത്താവ് രംഗത്തെത്തിയിരുന്നു.
എന്നാൽ റഷ്യയിൽ തിരിച്ചെത്തിയശേഷം അന്ന ചാപ്മാൻ ഒരു ബിസിനസുകാരിയായാണ് രംഗപ്രവേശംചെയ്തത്. പിന്നാലെ ടിവി അവതാരകയായും സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറായും ശ്രദ്ധനേടി. കഴിഞ്ഞവർഷം പുറത്തിറക്കിയ ‘ബോണ്ടിഅന്ന, ടൂ റഷ്യ വിത്ത് ലവ്’ എന്ന തന്റെ പുസ്തകത്തിൽ അന്ന ചാപ്മാൻ തന്റെ ജീവിതത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു. പുരുഷന്മാരിൽ തനിക്ക് എത്രത്തോളം സ്വാധീനമുണ്ടെന്ന് തനിക്കറിയാമായിരുന്നുവെന്നാണ് പുസ്‌കത്തിൽ അന്ന പറഞ്ഞിരുന്നത്. ആവശ്യമായ ഗുണങ്ങളെല്ലാം പ്രകൃതി തനിക്ക് നൽകിയെന്നും അന്ന പറഞ്ഞിരുന്നു. ഇതിനുപുറമേ ഉന്നതരുമായുള്ള കൂടിക്കാഴ്ചകൾ, ആഡംബരയാത്രകൾ, തന്റെ ഗ്ലാമർ ജീവിതം എന്നിവയെക്കുറിച്ചും അന്ന പുസ്തകത്തിൽ എഴുതിയിരുന്നു.