കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. പോലീസ് ബോധപൂര്‍വം സൃഷ്ടിച്ചതാണ് പേരാമ്പ്രയിലെ സംഘര്‍ഷമെന്നും അതിന് രാഷ്ട്രീയനിര്‍ദേശമുണ്ടായിരുന്നു എന്ന് ഉറപ്പാണെന്ന് അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്നെ മര്‍ദിച്ചത് സിഐ അഭിലാഷ് ഡേവിഡാണ്. ഗുണ്ടാബന്ധത്തിന്റെ പേരില്‍ 2023 ജനുവരിയില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥരിലൊരാളാണ് അഭിലാഷ് എന്നും ഷാഫി ആരോപിച്ചു. പിരിച്ചുവിട്ടെന്ന് മാധ്യമങ്ങളോടും നിയമസഭയിലും പറയുക. ശേഷം അവരെ രഹസ്യമായി തിരിച്ചെടുത്തശേഷം സിപിഎം പറയുന്ന ഗുണ്ടാപ്പണിക്ക് അവരെ നിയോഗിക്കുക എന്നതാണ് സംഭവിച്ചത്. സിഐ അഭിലാഷ് ഡേവിഡ് എന്ന സിപിഎമ്മിന്റെ പോലീസ് ഗുണ്ടയാണ് പേരാമ്പ്രയിലെ പോലീസ് അക്രമത്തിന് നേതൃത്വം കൊടുത്തത്. വടകര കണ്‍ട്രോള്‍ റൂമിലെ സിഐയാണ്. ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതിന്റെ ഓര്‍ഡറുണ്ട്. എന്നാല്‍, പിരിച്ചുവിട്ടതിന്റെ ഓര്‍ഡറില്ല. അഭിലാഷിന് പഴയ എസ്എഫ്‌ഐ ബന്ധമുണ്ടെന്നും സസ്‌പെന്‍ഷന്‍ കാലയളവില്‍ സമയംകൊല്ലുന്നതിന് ഏരിയാ കമ്മിറ്റി സന്ദര്‍ശിച്ചിരുന്നൊരാള്‍ ആണെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. പേരാമ്പ്ര സംഘര്‍ഷത്തിന്റെ വീഡിയോകള്‍ ഉള്‍പ്പെടെയുള്ളവ പങ്കുവെച്ചുകൊണ്ടായിരുന്നു ഷാഫിയുടെ വാര്‍ത്താസമ്മേളനം.
തന്റെ തലയില്‍ അടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് മുഖത്ത് അടിച്ചതും അതേത്തുടര്‍ന്ന് മൂക്കിന് പരിക്കേറ്റതും. പിന്നീട് വീണ്ടും അടിക്കാന്‍ നോക്കി. എസ്പി പറഞ്ഞതുപോലെ പിന്നില്‍നിന്നല്ല, മുന്നില്‍നിന്നാണ് അടിച്ചത്. ഇത് നടക്കുമ്പോള്‍ കണ്ണീര്‍വാതകം പ്രയോഗിക്കപ്പെട്ടിട്ടില്ല. ഡിവൈഎസ്പി ഹരിപ്രസാദ് ഒരു കയ്യില്‍ ടിയര്‍ ഗ്യാസും വെച്ച് മറുകയ്യിലെ ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയാണെന്നും ഇത് ദൃശ്യങ്ങളിലുണ്ടെന്നും ഷാഫി പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് സാരമായ പരിക്കേറ്റിട്ടും പോലീസിന്റെ കയ്യിലിരിപ്പും കയ്യിലിരുന്ന് പൊട്ടിയതിന്റെ പരിക്കുമല്ലാതെ ഒരു പോലീസുകാരനെങ്കിലും പരിക്കേറ്റോ. പ്രകോപനമായിരുന്നില്ല ഉദ്ദേശം. പേരാമ്പ്രയുടെ സമാധാനം കളയാതിരിക്കാനുള്ള ഇടപെടലാണ് അവിടെ നടത്തിയത്.
പിറ്റേദിവസം ദൃശ്യങ്ങള്‍ പുറത്തുവരുന്നിടംവരെ മര്‍ദനമേറ്റിട്ടില്ല, മഷിയാണ്, പെയിന്റാണ് എന്നൊക്കെ പറഞ്ഞുനടന്നവര്‍ക്ക് മാറ്റിപ്പറയേണ്ടിവന്നു. എഐ ടൂള്‍ ഉപയോഗിച്ച് മര്‍ദിച്ചയാളെ കണ്ടെത്തുമെന്ന് പറഞ്ഞു. എന്തേ സര്‍ക്കാരിന്റെ എഐ ടൂള്‍ പണിമുടക്കിയോ. അടിച്ചയാളെ എന്തേ ഇതുവരെ കണ്ടെത്താത്തത്. ഇതുവരെ പോലീസ് തന്റെ മൊഴി എടുത്തിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തതായുള്ള അറിയിപ്പ് ലഭിച്ചിട്ടില്ല. ഇതൊന്നും ചെയ്യരുതെന്ന നിര്‍ദേശം ആരാണ് കൊടുത്തതെന്നും ഷാഫി ചോദിച്ചു.