തളിപ്പറമ്പ്: ഇന്നലെ തളിപ്പറമ്പിന്റെ ഹൃദയഭാഗം കത്തിയമർന്നതോടെ ജനം മുൾമുനയിൽ നിന്നത് മൂന്നു മണിക്കൂർ. വൈകിട്ട് അഞ്ച് മണിയോടെ, നഗരത്തിലെ തിരക്കേറിയ സമയത്താണ് തീ പിടിച്ചത്. ആദ്യം മാക്സ് ക്രോ എന്ന ചെരുപ്പ് കടയിലാണ് ആദ്യം തീ പടർന്നത്. തീ ആളിപ്പടരുന്നതിന് മുമ്പ് തന്നെ കെട്ടിടത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടതോടെ വൻ ദുരന്തമാണ് ഒഴിവായത്.
എങ്കിലും ബസ് സ്റ്റാൻഡിന് സമീപത്തെ കെവി കോംപ്ലക്സിലെ മൂന്നു കെട്ടിടങ്ങളാണ് കത്തിചാമ്പലായത്. ഒരു കെട്ടിടം പൂർണമായും രണ്ടു കെട്ടിടങ്ങൾ ഭാഗികമായും കത്തി നശിച്ചു. 60 കടകളും അതിലെ സാധനങ്ങളും ചാമ്പലായി.
അപകടം നടന്നയുടനെ തളിപ്പറമ്പിലെ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് രണ്ടു യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയെങ്കിലും ആളിപ്പടർന്ന തീയുടെ ഒരംശം പോലും അണയ്ക്കാനായില്ല. ഇതിനിടെ ഞൊടിയിടയിൽ മറ്റു രണ്ടു കെട്ടിടങ്ങളിലേക്കും തീ പടരുകയും ചെയ്തു. പിന്നാലെ പൊട്ടിത്തെറിയും. എട്ട് അഗ്നിരക്ഷാ യൂണിറ്റുകൾ ഉൾപ്പെടെ 12 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. ഇതിൽ രണ്ടു കുടിവെള്ള ലോറികളും ഉൾപ്പെടും. ഫയർ എൻജിനുകളിലെ വെള്ളം തീർന്നപ്പോൾ കുടിവെള്ള ലോറികളിലാണ് വെള്ളം എത്തിച്ച് നിറച്ചത്.
തളിപ്പറമ്പിലെ രണ്ട് യൂണിറ്റിനു പുറമെ കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം ഫയർ യൂണിറ്റുകളും കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് ഫയർ യൂണിറ്റുകളും എത്തിയതോടെ വൈകിട്ടു എട്ട് മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൽ ഗ്രൗണ്ട് ഫ്ലോറും മൂന്നു നിലകളുമുള്ള കെട്ടിടമാണ് പൂർണമായും കത്തിത്തീർന്നത്. ഇവിടെ ചെരുപ്പ്, വസ്ത്രം, കളിപ്പാട്ടം, പലചരക്ക്, സ്റ്റീൽ പാത്രങ്ങൾ, കഫെ ഉൾപ്പെടെയുള്ള നിരവധി കടകളാണ് പ്രവർത്തിച്ചിരുന്നത്. അതേസമയം കഫെയിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് കരുതുന്നത്. വൈകുന്നേരമായതിനാൽ ബസ് സ്റ്റാൻഡിൽ നൂറുകണക്കിനാളുകളാണ് ബസ് കാത്തുനിന്നിരുന്നു. തീപിടിത്തമുണ്ടായതിന്റെ മുൻഭാഗം ഹൈവേയും ബസ് സ്റ്റാൻഡുമായതിനാലും വൈകുന്നേരമായതിനാലും നിരവധിപ്പേരാണ് ഈ പ്രദേശത്തു ഉണ്ടായിരുന്നത്. തീ പിടിച്ചതോടെ ബസുകൾ തൃച്ചംബരം ക്ഷേത്രത്തിന് സമീപത്തുനിന്നും തിരിച്ചു വിട്ടു.
അതേസമയം ബസുകൾ സ്റ്റാൻഡിൽ കയറാതെ വന്നതോടെയും തീയും പുകയും ഉയർന്നതോടെയും യാത്രക്കാർ വലഞ്ഞു. തീപിടിച്ചതോടെ നഗരത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. മറ്റു പല വഴിക്കും തിരിച്ചു വിട്ടെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായില്ല. ഇതിനിടെ തീപടർന്നതറിഞ്ഞ് സ്ഥലത്തേക്ക് വൻ ജനക്കൂട്ടം ഒഴുകിയെത്തിയതോടെ പോലീസിന് നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, അഗ്നിരക്ഷാ സേനയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അഗ്നിരക്ഷാ സേന, കെഎസ്ഇബി തുടങ്ങിയ വകുപ്പുകൾ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.