ഗാസ: നെതന്യാഹ്യുവിനെ അങ്ങനെയൊന്നും വിശ്വിക്കാൻ കൊള്ളില്ല, പല തവണ നടന്ന ചർച്ചകളും അവസാന നിമിഷം അട്ടിമറിച്ചത് ഇസ്രയേലാണ്. അതിനാൽ സമാധാന ചർച്ചയിൽ ഉപാധികൾവെച്ച് ഹമാസ്. ഗാസ യുദ്ധവിരാമം ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ മുൻനിർത്തി കെയ്‌റോയിൽ നടക്കുന്ന സമാധാന ചർച്ചയിൽ ആറ് ഉപാധികളാണ് ഹമാസ് മുന്നോട്ടുവെച്ചത്. ഇസ്രയേൽ സൈന്യം പൂർണമായും യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നതാണ് പ്രധാന ഉപാധി. ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ വേണമെന്നും ഹമാസ് ആവശ്യപ്പെടുന്നു.
അതു മാത്രമല്ല നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താൻ അനുവദിക്കണം, ഗാസയെ പുനർനിർമ്മിക്കണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാർ വേണം തുടങ്ങിയവയാണ് ഹമാസ് മുന്നോട്ടുവെച്ച മറ്റ് ഉപാധികൾ. ഹമാസ് വക്താവ് ഫൗസി ബർഹൂമാണ് ആറിന ഉപാധികൾ മുന്നോട്ടുവെച്ചത്. മുൻപ് സമാധാന ചർച്ചകളുടെ ഫലമായി വെടിനിർത്തലിന് അരികിലെത്തിയിരുന്നെന്നും എന്നാൽ നെതന്യാഹു അത് അട്ടിമറിച്ചിരുന്നുവെന്നും ഹമാസ് പറയുന്നു.
അങ്ങനെ സംഭവിക്കാൻ ഇത്തവണയും സാധ്യതയുണ്ട്. അതിനാൽ ഐക്യരാഷ്ട്രസഭയും അമേരിക്കയും മറ്റ് മധ്യസ്ഥ രാജ്യങ്ങളും ഇടപെട്ട് അട്ടിമറി നീക്കത്തിൽ നിന്ന് നെതന്യാഹുവിനെ തടയണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ രണ്ട് വർഷം പിന്നിടുകയാണ്. ഇതിനിടെയാണ് യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെയ്‌റോയിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഹമാസ് ഉപാദികൾ വച്ചത്.
അതേസമയം സെപ്റ്റംബർ 29ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് 20 നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. തുടർന്നു മറുപടി നൽകാൻ ഹമാസിന് നാല് ദിവസത്തെ സാവകാശമായിരുന്നു ട്രംപ് നൽകിയത്. ട്രംപിന്റെ നിർദ്ദേശങ്ങൾ ഹമാസ് പൂർണമായും അംഗീകരിച്ചിരുന്നില്ല. ചില കാര്യങ്ങളിൽ ഇനിയും ചർച്ച വേണമെന്നായിരുന്നു ഹമാസ് അറിയിച്ചത്.