തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ നടന്ന ആക്രമണ ശ്രമത്തിനെ നിശീതമായി വിമർശിച്ച് രാജ്യസഭാ എംപി എഎ റഹീം. ഒരു നൂറ്റാണ്ടായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണമാണ് ഇത്തരം അക്രമികളെ സൃഷ്ടിക്കുന്നത്. അങ്ങേയറ്റം അപമാനകരമായ സംഭവമാണ് പരമോന്നത നീതിപീഠത്തിൽ ഇന്ന് സംഭവിച്ചതെന്ന് റഹീം ഫേസ്ബുക്കിൽ കുറിച്ചു. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിയ ചരിത്രമുള്ളവർ ഇന്ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരെ ഷൂ എറിയുകയാണ്’. ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ നടന്ന അക്രമശ്രമം രാജ്യത്തെ ലജ്ജിപ്പിക്കുന്നതാണെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.
എഎ റഹീം എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
അന്ന് ഷൂ നക്കിയവർ ഇന്ന് ഷൂ എറിയുന്നു.
പരമോന്നത നീതിപീഠത്തിൽ ഇന്ന് സംഭവിച്ചത്
അങ്ങേയറ്റം അപമാനകരമായ സംഭവമാണ്. ബഹുമാനപെട്ട ചീഫ് ജസ്റ്റിസ് ബി ആർ ഗാവായ് ക്ക് നേരെ നടന്ന അക്രമശ്രമം രാജ്യത്തെ ലജ്ജിപ്പിക്കുന്നതാണ്.“സനാതന ധർമ്മത്തിനെതിരെ പ്രവർത്തിക്കുന്നു”എന്നാരോപിച്ചാണ് വക്കീൽ വേഷധാരി ഷൂ അദ്ദേഹത്തിന് നേരെ എറിഞ്ഞത്.
ഒരു നൂറ്റാണ്ടായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചരണമാണ് ഇത്തരം അക്രമികളെ സൃഷ്ടിക്കുന്നത്.
ബ്രട്ടീഷുകാർക്ക് മാപ്പെഴുതിയ ചരിത്രമുള്ളവർ ഇന്ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്ക് എതിരെ ഷൂ എറിയുകയാണ്.
നീതി പീഠങ്ങളെ ഭയപ്പെടുത്തി
നിയമവാഴ്ചയെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്.
അവരോട് ഒന്നേ പറയാനുള്ളു,
यतो धर्मस्ततो जयः
യതോ ധർമ്മസ്ഥതോ ജയ:
അതേസമയം കോടതി മുറിക്കുള്ളിൽ വെച്ചായിരുന്നു ചീഫ് ജസ്റ്റിസിന് നേരെ ഷൂസെറിയാൻ ശ്രമമുണ്ടായത്. മധ്യപ്രദേശിലെ ഖജൂരാഹോ ക്ഷേത്രവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് ധരിച്ചിരുന്ന ഷൂ ചീഫ് ജസ്റ്റിന് നേരെ എറിയാൻ ശ്രമിച്ചത്. സുരക്ഷാ ജീവനക്കാർ അതിവേഗം ഇയാളെ തടഞ്ഞതിനാൽ ഷൂ നിലത്ത് വീഴുകയായിരുന്നു.