ന്യൂഡൽഹി: ഇന്ത്യാ- പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്നു പലയിടത്തും ആവർത്തിച്ചിട്ടും അനങ്ങാതിരുന്ന പാക് പ്രധാനമന്ത്രി മാസങ്ങൾക്കു ശേഷം ട്രംപിന്റെ പ്രസ്താവന അംഗീകരിച്ചു. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ഫീൽഡ് മാർഷൽ സയ്യിദ് ആസിം മുനീറും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചയുടെയുണ്ടായ ഒരു പ്രസ്താവനയിൽ, വെടിനിർത്തലിൽ അമേരിക്കൻ പ്രസിഡൻറ് ഒരു പ്രധാന പങ്ക് വഹിച്ചതായി സൂചന നൽകി.
ഇന്ന് ഓവൽ ഓഫീസിൽ വച്ച് പാക് പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫും ഫീൽഡ് മാർഷൽ സയ്യിദ് ആസിം മുനീറും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കിടെ പാക്കിസ്ഥാൻ- ഇന്ത്യ വെടിനിർത്തലിന് സൗകര്യമൊരുക്കിയ പ്രസിഡൻറ് ട്രംപിൻറെ ധീരവും നിർണ്ണായകവുമായ നേതൃത്വത്തെ പാക് പ്രധാനമന്ത്രി പ്രശംസിച്ചു. ഗാസയിലെ സംഘർഷം ഉടനടി അവസാനിപ്പിക്കാനും മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാന മുസ്‌ലിം ലോക നേതാക്കളെ ക്ഷണിച്ച അദ്ദേഹത്തിൻറെ നടപടിയെയും പ്രശംസിച്ചു.”
അതേസമയം കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിലെ ഭീകര, സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം നടന്ന വെടിനിർത്തലിൽ പങ്കുണ്ടെന്ന ട്രംപിന്റെ വാദത്തെ ഇന്ത്യ പലതവണ നിഷേധിച്ചിട്ടുണ്ട്. എന്നാൽ, ആണവായുധ ശേഷിയുള്ള ഈ രണ്ട് അയൽ രാജ്യങ്ങൾ വെടിനിർത്തലിന് സമ്മതിക്കുകയും സംഘർഷം രൂക്ഷമാകാതെ തടയുകയും ചെയ്തതിൻറെ കാരണങ്ങളിലൊന്ന് താനാണെന്ന് യുഎസ് പ്രസിഡൻറ് ആവർത്തിച്ച് വ്യക്തമാക്കുകയാണ്.