ബ്രിസ്‌ബെയ്‌ൻ: പ്രായം കൊണ്ട് ഇത്തിരി കുഞ്ഞനെങ്കിലും കളത്തിലിറങ്ങിയാൽ ചെക്കന്റെ കണ്ണ് ബൗണ്ടറി ലൈനിൽ തന്നെയാ… പടുകൂറ്റൻ സിക്സറുകൾ ഹരമാക്കിയ വൈഭവ് സൂര്യവംശി, വിക്കറ്റുകൾ വീഴ്ത്തി മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ആയുഷ് മാത്ര, ഇന്ത്യൻ കൗമാര പടയുടെ തകർപ്പൻ പ്രകടനത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം യൂത്ത് ഏകദിന മത്സരത്തിൽ ഇന്ത്യ അണ്ടർ 19 ടീമിന് 51 റൺസിന്റെ ജയം. ഇന്ത്യ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന്റെ യാത്ര, 47.2 ഓവറിൽ 249 റൺസിൽ അവസാനിച്ചു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആയുഷ് മാത്രെ, രണ്ടു വിക്കറ്റ് വീഴ്ത്തിയ കനിഷ്ക ചൗഹാൻ എന്നിവരുടെ മികവിലാണ് ഓസീസിനെ ഇന്ത്യ എറിഞ്ഞു വീഴ്ത്തിയത്.
ആദ്യം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ആയുഷ് മാത്രെയെ നഷ്ടമായെങ്കിൽ രണ്ടാം വിക്കറ്റിൽ വൈഭവ് സൂര്യവംശിയും (68 പന്തിൽ 70) വിഹാൻ മൽഹോത്രയും (74 പന്തിൽ 70) ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 117 റൺസ് കൂട്ടിച്ചേർത്തു. ആറു സിക്സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്.
ഇതോടെ യൂത്ത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും വൈഭവ് തന്റെ അക്കൗണ്ടിലാക്കി. വെറും 10 ഇന്നിങ്സുകളിൽനിന്ന് 41 സിക്സറുകളാണ് വൈഭവ് അടിച്ചുകൂട്ടിയത്. 21 ഇന്നിങ്സുകളിൽനിന്ന് 38 സിക്സറുകളടിച്ച ഉൻമുക്ത് ചന്ദിന്റെ റെക്കോർഡാണ് വൈഭവ് തകർത്തത്. യൂത്ത് ഏകദിനങ്ങളിൽ ഇതുവരെ 540 റൺസ് നേടിയ വൈഭവ്, 26% റൺസും ബൗണ്ടറികളിലൂടെയാണ് എന്നതാണ് മറ്റൊരു സംഭവം.
അതേസമയം വൈഭവിനൊപ്പം 117 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ വിഹാൻ മൽഹോത്രയുടെ ഇന്നിങ്സ് ഒരു സിക്സും ഏഴു ഫോറുമടക്കം 70 റൺസാണ്. അപകടകാരികളായ ഇരുവരുടേയും കൂട്ടുകെട്ട് പൊളിച്ചത് 19–ാം ഓവറിൽ വൈഭവിനെ പുറത്താക്കി ഓസീസ് ക്യാപ്റ്റൻ യഷ് ദേശ്മുഖാണ്. പിന്നീടെത്തിയ വേദാന്ത് ത്രിവേദി 26 റൺസെടുത്ത് പുറത്തായി. അഞ്ചാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ, അഭിജ്ഞാൻ കുന്ദു 64 പന്തിൽ 71 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. 2 സിക്സും 5 ഫോറുമാണ് അഭിജ്ഞാൻ അടിച്ചത്. അവസാന ഓവറിലാണ് അഭിജ്ഞാൻ പുറത്തായത്. ഓസീസിനായി വിൽ ബൈറോം മൂന്നു വിക്കറ്റും യഷ് ദേശ്മുഖ് രണ്ടു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ, ജെയ്ഡൻ ഡ്രാപ്പർ (72 പന്തിൽ 107) ഓസ്ട്രേലിയയ്ക്കായി സെഞ്ചുറി നേടിയെങ്കിലും മറ്റു ബാറ്റർമാർക്ക് കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചില്ല.