രാഹുൽ ഗാന്ധിയുടെ ഒന്നാം പത്രസമ്മേളനം പോലെ തന്നെ വോട്ട് മോഷണത്തെ സംബന്ധിച്ചുള്ള രണ്ടാം പത്രസമ്മേളനവും രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. അലാൻഡിൽ സംഭവിച്ചതിന് സമാനമായി രാജ്യത്തുടനീളം വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരുടെ പേര് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ മാത്രം വോട്ടർ പട്ടികയിൽ നിന്നും തങ്ങളുടെ പേര് ഒഴിവാക്കപ്പെട്ടു എന്നറിഞ്ഞ വോട്ടർമാരും അനേകമാണ്. സോഷ്യൽ മീഡിയയിലും ക്യാമ്പസുകളിലും രാഹുലിന്റെ വോട്ടുചോരി പോരാട്ടത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒരുപക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴികെ മറ്റെല്ലാവർക്കും ഈ വിഷയം അന്വേഷിക്കേണ്ടതിന്റെയും നിജസ്ഥിതി പുറത്തുകൊണ്ടുവരേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ ആദ്യ പത്രസമ്മേളനം കഴിഞ്ഞപ്പോൾ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചത് കള്ള വോട്ടുകൾ ചേർത്തതിലൂടെയാണ് എന്ന ആരോപണം ഉന്നയിച്ചവരിൽ പ്രതിപക്ഷ നേതാക്കൾ മുതൽ മുതിർന്ന മാധ്യമപ്രവർത്തകർ വരെ ഉണ്ടായിരുന്നു. വോട്ടർ പട്ടികയിൽ നിന്നും വോട്ടുകൾ ഡിലീറ്റ് ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നു എന്ന രാഹുലിന്റെ പുതിയ ആരോപണത്തിൽ തൃശ്ശൂരിന് എന്താണ് പറയാനുള്ളത് ? രാഹുൽ അലാൻഡിൽ നടന്നുവെന്ന് തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടിരിക്കുന്ന വോട്ട് ഡിലീഷൻ തൃശ്ശൂരിലും നടന്നിട്ടുണ്ടോ ?
ന്യൂസ് മലയാളം 24*7 നാണ് ഈ വിഷയത്തിൽ ആധികാരികമായി മലയാളിയോട് സംസാരിച്ച മാധ്യമം. ന്യൂസ് മലയാളം 24*7 പുറത്തുവിട്ട കണക്കുകൾ പ്രകാരം തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ 24,472 വോട്ടുകളാണ് ഡിലീറ്റ് ചെയ്യപ്പെട്ടത്. ഈ വോട്ടുകൾ വോട്ടർ പട്ടിക പുതുക്കൽ സമയത്ത് നീക്കം ചെയ്തവയല്ല. വ്യക്തമായി പറഞ്ഞാൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27 നു ശേഷം മാത്രം, തൃശ്ശൂർ ലോകസഭാ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരെ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് നൽകപ്പെട്ടത് 25197 അപേക്ഷകളാണ്. ഈ അപേക്ഷകളിൽ 24472 അപേക്ഷകളും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. അതായത് തിരഞ്ഞെടുപ്പ് കമ്മീഷൻ ലഭിച്ച അപേക്ഷകളിൽ 97 ശതമാനത്തിലധികം അപേക്ഷകളും അംഗീകരിക്കപ്പെട്ടു. ഈ വാർത്തയെ അടിസ്ഥാനപ്പെടുത്തി ഇവയെല്ലാം വ്യാജമായി അപേക്ഷ നൽകി ഡിലീറ്റ് ചെയ്ത വോട്ടുകളാണ് എന്ന് നമുക്ക് ആരോപിക്കാൻ കഴിയുകയില്ല, എന്നാൽ തൃശ്ശൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറി നടന്നുവെന്ന് വിമർശനം ഉള്ള സാഹചര്യത്തിൽ ഈ ഡിലീറ്റ് ചെയ്ത വോട്ടുകളിൽ അലാൻഡിൽ സംഭവിച്ചതിന് സമാനമായി വ്യാജ അപേക്ഷകൾ നൽകി വോട്ടുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടാവില്ലേ? എന്ന രാഷ്ട്രീയമായ സംശയത്തെയും നമുക്ക് നിരാകരിക്കാൻ ആകില്ല.
രാഹുൽ ഗാന്ധി കർണാടകയിലെ അലാൻഡിൽ നടത്തിയതിന് സമാനമായ അന്വേഷണം രാജ്യത്തുടനീളം ഓരോ ബൂത്തുകൾ കേന്ദ്രീകരിച്ചു നടത്തേണ്ടിയിരിക്കുന്നു. കാരണം തൃശ്ശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ വോട്ട് ചെയ്യുവാനായി എത്തിയ ചിലർ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ ബൂത്തിൽ നിന്നും വോട്ട് ചെയ്യാൻ ആകാതെ മടങ്ങിപ്പോയ സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ഇത്തരത്തിൽ വോട്ട് ചെയ്യാൻ പറ്റാതെ പോയ ആളുകൾ എത്ര പേരായിരുന്നു? ഇവരിൽ എത്രപേർക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ഉണ്ടായിരുന്നു? അങ്ങനെ വോട്ട് ഉണ്ടായിരുന്നവരുടെ പേരുകൾ എങ്ങനെയാണ് വോട്ടർ പട്ടികയിൽ നിന്നും അപ്രത്യക്ഷമായത് തുടങ്ങി കടങ്കഥയ്ക്ക് സമാനമായ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതായത് തൃശ്ശൂർ ലോകസഭ മണ്ഡലത്തിൽ നിന്നും ഒഴിവാക്കപ്പെട്ട 24472 വോട്ടുകളും മതിയായ കാരണങ്ങൾ കൊണ്ടു തന്നെയാണോ ഒഴിവാക്കപ്പെട്ടത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. അങ്ങനെ അല്ലെങ്കിൽ കർണാടകയിലെ അലൻഡിൽ നടന്നതിന് സമാനമായ ഒരു വോട്ടർ ഡിലീഷൻ കേരളത്തിലും നടന്നുവെന്ന് പറയേണ്ടിവരും.
തെരഞ്ഞെടുപ്പ് കമ്മീഷൻ മനസ്സുവെച്ചാൽ ഈ വിഷയങ്ങളിലെ എല്ലാം സത്യാവസ്ഥ പൊതുജനത്തെ തെളിവ് സഹിതം ബോധിപ്പിക്കാൻ കഴിയും. എന്നാൽ ഓൺലൈനായി വോട്ട് നീക്കം ചെയ്യുന്നതിനായി വ്യാജ അപേക്ഷകൾ ഓൺലൈനായി നൽകി എന്നു രാഹുൽ പറയുമ്പോൾ ഓൺലൈനായി വോട്ട് ഡിലീറ്റ് ചെയ്യാൻ കഴിയില്ല എന്ന് മറുപടി നൽകുന്ന കമ്മീഷനിൽ നിന്നും അത്തരമൊരു നടപടി ഉണ്ടാകും എന്ന പ്രതീക്ഷ വേണ്ട. അതുകൊണ്ടാണ് തശ്ശൂരിൽ എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നത്. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാനായി അപേക്ഷ നൽകുന്നത് വളരെ ലളിതമായ ഒരു കാര്യമാണ്. ഓൺലൈനായോ ഓഫ് ലൈനായോ ഇതു ചെയ്യാൻ സാധിക്കും. മണ്ഡലത്തിൽ പുറത്തും സംസ്ഥാനത്തിന് പുറത്തുമുള്ളവർ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് എങ്ങനെയാണ് വോട്ട് ഡിലീറ്റ് ചെയ്യാനായി അപേക്ഷകൾ നൽകുന്നതെന്ന് രാഹുൽ ഗാന്ധി തന്റെ പത്രസമ്മേളനത്തിൽ വ്യക്തമായി തന്നെ വിശദീകരിച്ചിട്ടുണ്ട്. കിട്ടിയ അപേക്ഷകളിൽ പ്രസ്തുത വോട്ടർമാർക്ക് നോട്ടീസ് അയക്കേണ്ട ചുമതല ഇ.ആർ.ഓ മാർക്കാണ്.
നോട്ടിസിൽ 7 ദിവസത്തിനുള്ളിൽ മറുപടി ഉണ്ടായില്ല എങ്കിൽ ബൂത്ത് ലെവൽ ഓഫീസർമാർ ഈ വിഷയത്തിൽ പ്രാദേശികമായ അന്വേഷണം നടത്തി അപേക്ഷയിൽ പറഞ്ഞിട്ടുള്ള കാര്യത്തിന്റെ നിജസ്ഥിതി അറിയിക്കണം എന്നതാണ് നിയമം. എന്നാൽ ഈ പറയുന്ന കാര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി ചെയ്യുന്നുണ്ടോ എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രശ്നവും. രാഹുൽ ഗാന്ധി പറഞ്ഞത് പ്രകാരം അലാൻഡിൽ തന്റെ ബന്ധുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തുവെന്ന് ബൂത്ത് ലെവൽ ഓഫീസർ പോലും അറിയുന്നത് നീക്കം ചെയ്തതിനുശേഷം ആണ്. അതായത് ബൂത്ത് ലെവൽ ഓഫീസർ പോലും അറിയാതെ പേരുകൾ നീക്കം ചെയ്യുന്നുണ്ടെങ്കിൽ പിന്നെ എന്തിനെപ്പറ്റിയാണ് നാം ചോദ്യങ്ങൾ ഉന്നയിക്കേണ്ടത്?
തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരുടെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയത് 25197 അപേക്ഷകളാണ്. ഈ അപേക്ഷകളിൽ 97 ശതമാനത്തിൽ അധികം അപേക്ഷകളും അംഗീകരിക്കപ്പെട്ടു. വോട്ട് നീക്കം ചെയ്യപ്പെട്ട 24,472 വോട്ടർമാരെയും നോട്ടീസിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ടായിരുന്നോ? മറുപടി നൽകാത്ത വോട്ടർമാരെ സംബന്ധിച്ച് വിവരം ബൂത്ത് ലെവൽ ഓഫീസർമാർ അന്വേഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിൽ കൈമാറിയിരുന്നോ? തുടങ്ങി പല ചോദ്യങ്ങൾക്കും രാഷ്ട്രീയ പാർട്ടികളും മാധ്യമപ്രവർത്തകരും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികളും പ്രതിപക്ഷ നേതാവ് തന്നെയും ഇത്തരത്തിൽ ആരോപണങ്ങൾ മുന്നോട്ടുവയ്ക്കുമ്പോൾ ഈ വിഷയത്തെ ഗൗരവമായി കണ്ടു അന്വേഷണം പ്രഖ്യാപിക്കുക എന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടിയിരുന്നത്. എന്നാൽ നിലവിൽ രാജ്യം കാണുന്ന കാഴ്ച ഇതൊന്നുമല്ല. പൊതുജനം ഈ രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങളിൽ തൃപ്തികരമായ ഉത്തരം നൽകാൻ ആവാത്തത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാജയമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇതുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ രാഹുൽഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങൾ സത്യസന്ധമാണ് എന്ന് പൊതുജനം കരുതുന്നതും.
വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും നടുവിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ അഭിസംബോധന ചെയ്യാതെ മുന്നോട്ടു പോകാൻ ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനും പ്രതിപക്ഷവും തമ്മിലുള്ള തുറന്ന രാഷ്ട്രീയ പോരിനാവും രാജ്യം സാക്ഷ്യം വഹിക്കുക.