വാഷിങ്ടണ്‍: ഇന്ത്യയും ചൈനയുമുള്‍പ്പെടെ 23 രാജ്യങ്ങളെ നിരോധിത മരുന്നുകളുടെ ഉത്പന്നത്തിലും വിതരണത്തിലും മുന്‍പന്തിയിലുള്ള രാജ്യങ്ങളായി പട്ടികപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിയമവിരുദ്ധ ലഹരിമരുന്നുകളും അവയുടെ നിര്‍മ്മാണത്തിനാവശ്യമായ രാസവസ്തുക്കളും നിര്‍മ്മിക്കുകയും കടത്തുകയും ചെയ്യുന്നതിലൂടെ ഈ രാജ്യങ്ങള്‍ അമേരിക്കയുടെയും അവിടുത്തെ പൗരന്മാരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്ന് ട്രംപ് പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍, മെക്‌സിക്കോ, ഇന്ത്യ, ചൈന, പാകിസ്താന്‍, പെറു, ജമൈക്ക, വെനസ്വേല, പനാമ തുടങ്ങിയവയാണ് ട്രംപിന്റെ പട്ടികയിലുള്‍പ്പെടുന്ന പ്രധാന രാജ്യങ്ങള്‍. അമേരിക്കയിലേക്ക് നിരോധിത മരുന്നുകളെത്തിക്കുന്ന 23 രാജ്യങ്ങളുടെ പട്ടിക ട്രംപ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ പുറത്തുവിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇതില്‍ അഫ്ഗാനിസ്ഥാന്‍, ബൊളീവിയ, ബര്‍മ്മ, കൊളംബിയ, വെനസ്വേല എന്നീ അഞ്ച് രാജ്യങ്ങള്‍ നിയമവിരുദ്ധമായ മരുന്ന് കടത്തല്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും ഇവര്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ട്രംപ് പറഞ്ഞു.
ഒരു രാജ്യത്തിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് ആ രാജ്യത്തെ സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ശ്രമങ്ങളെയോ അമേരിക്കയുമായുള്ള സഹകരണത്തേയേ പ്രതിഫലിപ്പിക്കുന്നില്ല. സര്‍ക്കാര്‍ ശക്തവും ജാഗ്രതയോടെയുമുള്ള ലഹരി നിയന്ത്രണത്തിലും നിയമ നിര്‍വ്വഹണ നടപടികളിലും ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും ലഹരിമരുന്നുകളോ അതിന്റെ നിര്‍മ്മാണത്തിനാവശ്യമായ രാസവസ്തുക്കളോ കടത്താനോ ഉത്പാദിപ്പിക്കാനോ അനുവദിക്കുന്ന നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അഫ്ഗാനിസ്താൻ, ബൊളീവിയ, ബര്‍മ്മ, കൊളംബിയ, വെനസ്വേല എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ 12 മാസത്തിനിടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ഉടമ്പടികളോടുള്ള കടമകള്‍ പാലിക്കുന്നതിലും ഭീഷണിയെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.