ലുധിയാന: യുകെയിൽ നിന്നുള്ള 75 കാരനെ വിവാഹം കഴിക്കാനായി യുഎസിൽ നിന്ന് പഞ്ചാബിലെത്തിയ 71 കാരിയായ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ജൂലായിലായിരുന്നു കൊലപാതകം. ബുധനാഴ്ചയാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരം പോലീസ് പങ്കുവെച്ചത്. സിയാറ്റിലിൽ നിന്നെത്തിയ യുഎസ് പൗരയായ രൂപീന്ദർ കൗർ പാണ്ഡെറെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ലുധിയാന പോലീസ് പ്രതികളുടെ പേര് ചേർത്തതോടെ സംഭവം പുറത്തെത്തുകയായിരുന്നു.
ലുധിയാന സ്വദേശിയും ഇംഗ്ലണ്ട് ആസ്ഥാനമായുള്ള പ്രവാസിയുമായ ചരൺജിത് സിംഗ് ഗ്രെവാളിൻ്റെ ക്ഷണപ്രകാരമാണ് രൂപീന്ദർ കൗർ പാണ്ഡെർ ഇന്ത്യയിലെത്തിയത്. കൊലപാതകത്തിന് ഗ്രെവാൾ മറ്റൊരാളെ ഏർപ്പാട് ചെയ്യുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മൽഹ പട്ടി സ്വദേശി സുഖ്ജീത് സിങ് സോനുവിനെ പോലീസ് പിടികൂടി. പാണ്ഡെറെ തൻ്റെ വീട്ടിൽ വെച്ച് കൊലപ്പെടുത്തുകയും മൃതദേഹം സ്റ്റോർ റൂമിലിട്ട് കത്തിക്കുകയും ചെയ്തതായി സോനു സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പാണ്ഡെറെ കൊലപ്പെടുത്തുന്നതിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ഗ്രെവാളിൻ്റെ നിർദ്ദേശപ്രകാരമാണ് സോനു ഇത് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ജൂലായ് 24ന് രൂപീന്ദറിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി കണ്ടതോടെ സഹോദരി കമൽ കൗർ ഖൈറയ്ക്ക് സംശയം തോന്നുകയും ജൂലായ് 28 ന് ഖൈറ ന്യൂഡൽഹിയിലെ യുഎസ് എംബസിയെ വിവരമറിയിക്കുകയും അവർ ഈ വിഷയം പോലീസിനെ ധരിപ്പിക്കുകയും ചെയ്തു. സന്ദർശനത്തിന് മുമ്പ് പാണ്ഡെർ ഒരു വലിയ തുക ഗ്രെവാളിന് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒളിവിലുള്ള ഗ്രെവാളിനെ കേസിൽ പ്രതി ചേർത്തതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ലുധിയാന പോലീസ് റേഞ്ച്) സതീന്ദർ സിങ് സ്ഥിരീകരിച്ചു.