കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് മർദനങ്ങളുടെ കാരണക്കാരൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അക്രമങ്ങൾക്ക് അദ്ദേഹം മാനസിക പിന്തുണ നൽകുകയാണെന്നും ഷാഫി പറമ്പിൽ എം.പി. യൂത്ത് കോൺഗ്രസ്, കെ.എസ്.യു. നേതാക്കൾക്കെതിരെ സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾ തുടർക്കഥയാവുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ നടക്കാവിലെ ഐ.ജി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അക്രമങ്ങൾ ഉണ്ടാകുമ്പോഴെല്ലാം, അതിനെ ‘ഒറ്റപ്പെട്ടത്’ എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്.
ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവർ മാനസികമായി ഈ അതിക്രമങ്ങളോട് യോജിക്കുന്നതുകൊണ്ടാണ് ഇത്തരം അക്രമങ്ങൾക്ക് പ്രോത്സാഹനം ലഭിക്കുന്നത്. അക്രമങ്ങളുടെ രക്ഷാധികാരികളായി സർക്കാർ സ്വയം ചമയുന്നതാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു