ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ നിന്ന് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളി. വരാനിരിക്കുന്ന മത്സരങ്ങളിലും ആന്‍ഡി പൈക്രോഫ്റ്റ് മാച്ച് റഫറിയായി തുടരും. ഔദ്യോഗികമായി പാകിസ്താനെ സംബന്ധിച്ച് വന്‍ തിരിച്ചടിയാണിത്.ഹസ്തദാന വിവാദത്തിൽ പൈക്രോഫ്റ്റിന് ചെറിയൊരു പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ടോസ് സമയത്ത് ഒരു ക്യാപ്റ്റൻ മറ്റേയാൾക്ക് ഹസ്തദാനം നൽകാൻ വിസമ്മതിക്കുന്നത് വഴിയുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ പാകിസ്താൻ നായകന് ഒരു സന്ദേശം നൽകുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നുമാണ് ഐസിസി വിലയിരുത്തൽ. വിവാദത്തിൽ പ്രഥമദൃഷ്ട്യാ അദ്ദേഹത്തിന് കാര്യമായ പങ്കില്ലാതിരിക്കെ മാച്ച് ഒഫീഷ്യലിനെ മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പൈക്രോഫ്റ്റിനെ നീക്കാത്ത പക്ഷം ഏഷ്യാ കപ്പിലെ അടുത്ത കളികൾ ബഹിഷ്കരിക്കുമെന്നും പാകിസ്താന്റെ ഭീഷണി മുഴക്കി. ഐസിസിക്കു പുറമേ, ക്രിക്കറ്റിലെ നിയമങ്ങളുടെ ആധികാരിക ക്ലബ്ബായ എംസിസിക്കും പാകിസ്താൻ പരാതി നൽകിയിട്ടുണ്ട്. മാച്ച് റഫറിയെ അടിയന്തരമായി പുറത്താക്കിയില്ലെങ്കിൽ യുഎഇക്കെതിരായ അടുത്ത കളി മുതൽ ബഹിഷ്കരിക്കുമെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണി.യുഎഇക്കെതിരായ പാകിസ്താന്റെ അടുത്ത മത്സരത്തിലും പൈക്രോഫ്റ്റ് തന്നെയാണ് മാച്ച് റഫറി.
അതിനിടയിൽ പൈക്രോഫ്റ്റിനെതിരേ പരാതി നൽകുന്നതിൽ വൈകിയതിന് പിസിബി ഓപ്പറേഷൻസ് ഡയറക്ടർ ഉസ്മാൻ വഹ്‌ലയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിവാദ വിഷയത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇന്ത്യക്കെതിരേ അച്ചടക്ക നടപടിയെടുത്തേക്കുമെന്നും സൂചനകളുണ്ട്.