നാഗ്പുർ: E20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) വിൽക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ വിമർശനങ്ങൾ ശക്തമായതോടെ മറുപടിയായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൂടുതൽ പണം സമ്പാദിക്കാനുള്ള ആഗ്രഹത്തേക്കാൾ, കർഷകർക്ക് വേണ്ടിയുള്ള ആശയങ്ങളും ലക്ഷ്യങ്ങളുമാണ് തന്റെ പ്രവർത്തനങ്ങളെയും പരീക്ഷണങ്ങളെയും മുന്നോട്ട് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നാഗ്പുരിൽ അഗ്രിക്കോസ് വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.’ഞാനിത് പണത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? സത്യസന്ധമായി എങ്ങനെ പണം സമ്പാദിക്കാമെന്ന് എനിക്കറിയാം. ഞാൻ ഒരു കള്ളക്കച്ചവടക്കാരനല്ല. എന്റെ തലച്ചോറിന് മാസം 200 കോടിയുടെ മൂല്യമുണ്ട്. എനിക്ക് പണത്തിന് ഒരു കുറവുമില്ല, ഞാൻ തരംതാഴുകയുമില്ല.’ ഗഡ്കരി പറഞ്ഞു.
സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ആളുകളെ തമ്മിലടിപ്പിക്കാൻ രാഷ്ട്രീയക്കാർക്ക് അറിയാമെന്നും, പിന്നോക്കാവസ്ഥ ഒരു രാഷ്ട്രീയ താൽപ്പര്യമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. താനും ഒരു രാഷ്ട്രീയക്കാരനാണ്. എന്നാൽ വിദർഭയിലെ 10,000 കർഷക ആത്മഹത്യകൾ ഒരു നാണക്കേടാണെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. നമ്മുടെ കർഷകർ സമൃദ്ധരാകുന്നത് വരെ ഞങ്ങൾ പിന്മാറില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.