പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. സൈക്കിളിൽ നിന്നു വീണു പരുക്കുമായെത്തിയ കൊടുന്തറ സ്വദേശികളായ ദമ്പതികളുടെ ഏഴു വയസുള്ള മകൻ മനുവിനെ ചികിത്സിച്ചതിൽ ഗുരുതര വീഴ്‌ച സംഭവിച്ചെന്ന ആരോപണവുമായി പിതാവ് രംഗത്ത്. നിലവിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മനു.
സൈക്കിളിൽ നിന്ന് വീണ് കൈയ്ക്ക് പരിക്കേറ്റ കുട്ടിക്ക് കൃത്യമായി ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നത്. കൈയ്ക്ക് സംഭവിച്ച ചതവ് ചികിത്സിക്കാതെ പ്ലാസ്റ്റർ ഇട്ട് ആശുപത്രിയിൽ നിന്ന് വിട്ടയച്ചുവെന്നും പിന്നാലെ വേദനയും നീരും കൂടി ആശുപത്രിയിലെത്തിച്ചിട്ടും കൈയ്യിലെ പ്ലാസ്റ്റർ നീക്കിയില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
കുട്ടിയുടെ കൈ പിന്നീട് പഴുത്ത് വ്രണമായി മാറിയെന്നും കുടുംബം പറയുന്നു. അസഹനീയമായ വേദന മൂലം വീണ്ടും ആശുപത്രിയിലെത്തി. മറ്റൊരു ഡോക്ടർ പ്ലാസ്റ്റർ നീക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആദ്യം ബന്ധപ്പെട്ടവർ തയാറായില്ല. പിന്നീട് നീക്കിനോക്കിയപ്പോഴാണ് മുറിവ് വൃണമായെന്നു കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ച് ഡോക്ടർമാർ ചികിത്സിക്കാതെ വിട്ടയച്ചുവെന്ന് പിതാവ് മനോജ് പറയുന്നു. എന്നാൽ കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന സ്ഥലത്തെ ഡോക്ടർ നിർദേശിച്ച പ്രകാരം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു കുട്ടിയെ മാറ്റി. കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയിലാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.