കാഠ്മണ്ഡു: അഴിമതി വിരുദ്ധതയ്ക്ക് എതിരേയും സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനും എതിരേ നേപ്പാളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മുന്‍ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍ ചൊവ്വാഴ്ച അന്തരിച്ചു. പ്രതിഷേധക്കാര്‍ വീടിന് തീയിട്ടതിനെത്തുടര്‍ന്നാണ് മരണം. പ്രതിഷേധക്കാര്‍ ഇവരെ വീട്ടില്‍ തടഞ്ഞുവെച്ച് വീടിന് തീയിടുകയായിരുന്നു.
സംഭവം നടന്നത് കാഠ്മണ്ഡുവിലെ ദല്ലു ഏരിയയിലുള്ള അവരുടെ വീട്ടില്‍ വെച്ചാണ്. ഗുരുതരമായി പരിക്കേറ്റ ചിത്രകാറിനെ കീര്‍ത്തിപൂര്‍ ബേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ വീടിനും തീയിട്ടു. ഒലി ചൊവ്വാഴ്ച പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ (65) തലസ്ഥാനത്തെ തെരുവുകളിലൂടെ പ്രതിഷേധക്കാര്‍ പിന്തുടരുന്ന് മര്‍ദ്ദിക്കുകയും തൊഴിച്ചുവീഴ്ത്തുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ചില സമൂഹമാധ്യമ സൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രകോപിതരായ യുവജനങ്ങള്‍ തലേദിവസം തലസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തിരുന്നു. സംഭവത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെ നിരോധനം പിന്‍വലിച്ചെങ്കിലും പ്രതിഷേധക്കാര്‍ നേപ്പാളിലെ ഉന്നത നേതാക്കളുടെ വീടുകള്‍ക്കും പാര്‍ലമെന്റ് മന്ദിരത്തിനും തീയിട്ടു. കാഠ്മണ്ഡു വിമാനത്താവളം അടച്ചുപൂട്ടുകയും ചില മന്ത്രിമാരെ സൈനിക ഹെലികോപ്റ്ററുകളില്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ മേല്‍നോട്ടത്തിന് വിധേയമാകാനും പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇവയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണ് ജനറേഷന്‍-സെഡ് യുവാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. സൈറ്റുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായ ശേഷവും പ്രതിഷേധങ്ങള്‍ തുടര്‍ന്നു. പോലീസിന്റെ വെടിവെപ്പില്‍ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതും സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും പ്രതിഷേധത്തിന് കൂടുതല്‍ ആക്കം കൂട്ടി.
പ്രത്യേകിച്ച്, ഭൂരിഭാഗം യുവാക്കളും തൊഴില്‍ കണ്ടെത്താന്‍ പാടുപെടുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ (‘നെപ്പോ കിഡ്‌സ്’ എന്ന് വിളിപ്പേരുള്ളവര്‍) ആഡംബര ജീവിതം നയിക്കുകയും നിരവധി ആനുകൂല്യങ്ങള്‍ നേടുകയും ചെയ്യുന്നതില്‍ യുവജനങ്ങളില്‍ വലിയ രോഷമുണ്ട്. നേപ്പാളിലെ രാഷ്ട്രീയ അശാന്തി കണക്കിലെടുത്ത്, സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ അയല്‍രാജ്യത്തേക്കുള്ള യാത്രകള്‍ മാറ്റിവെക്കാന്‍ ഇന്ത്യ പൗരന്മാരോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ ചൊവ്വാഴ്ച റദ്ദാക്കി.