ഗുരുവായൂർ: റീൽസ് ചിത്രീകരിക്കാൻ യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തി ശുദ്ധി വരുത്തും. കൂടാതെ ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും. നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണവുമുണ്ടായിരിക്കും.
കവിഞ്ഞ ദിവസമാണ് യൂട്യൂബറായ ജാസ്മിൻ ജാഫർ ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചത്. ഇതിനെതിരെ ഗുരുവായൂർ ദേവസ്വം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് യുവതി ക്ഷമാപണം നടത്തുകയും വിഡിയോകൾ പിൻവലിക്കുകയും ചെയ്തിരുന്നു.
ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസമിൻ റീൽസ് ആയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ ആറാട്ട് പോലെയുള്ള ചടങ്ങുകൾ നടക്കുന്ന തീർഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയിൽ വീഡിയോ ചിത്രീകരിച്ചുവെന്നായിരുന്നു ദേവസ്വം പരാതിയിൽ പറഞ്ഞത്.