കണ്ണൂർ: ഇരിക്കൂർ കല്യാട്ടെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും 4 ലക്ഷം രൂപയും മോഷണം പോയതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട ചുങ്കസ്ഥാനം സ്വദേശി എ.പി. സുഭാഷിന്റെ ഭാര്യ ദർഷിത (22)യും സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവും (22) തമ്മിൽ ആറു വർഷമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സാലിഗ്രാമിലെ ലോഡ്ജിലെത്തിയ സിദ്ധരാജുവും ദർഷിതയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.
തുടർന്നാണ് ഡിറ്റനേറ്റർ വായിൽ വച്ച് പൊട്ടിച്ച് ദർഷിതയെ കൊലപ്പെടുത്തിയത്. ഇങ്ങനെ ചെയ്തതു ഫോൺ പൊട്ടിത്തെറിച്ചുള്ള അപകട മരണമാക്കി മാറ്റാനുള്ള സിദ്ധരാജുവിന്റെ ശ്രമമെന്ന് സൂചന. അതേസമയം കടം വാങ്ങിയ പണം തിരികെ ചോദിച്ചതും ദർഷിത ഭർത്താവിനൊപ്പം വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതും സിദ്ധരാജുവിനെ പ്രകോപിപ്പിച്ചുവെന്നാണു കരുതുന്നത്. ഇലക്ട്രിക് ജോലികൾ അറിയാവുന്ന ആളാണ് സിദ്ധരാജു. ഇതും കൊലയ്ക്കു സഹായിച്ചുവെന്നുവേണം കരുതാൻ.
അതേസമയം വെള്ളിയാഴ്ച രാവിലെയാണ് കല്യാട്ടെ വീട്ടിൽനിന്ന് മകൾ അരുന്ധതിയുമൊത്ത് ദർഷിത സ്വന്തം നാടായ കർണാടകയിലെ ഹുൻസൂർ ബിലിക്കരെയിലേക്ക് പോയത്. അന്ന് വൈകിട്ടോടെയാണ് മോഷണ വിവരം അറിയുന്നത്. ദർഷിതയുടെ ഭർത്താവ് വിദേശത്താണ്. കല്യാട്ടെ വീട്ടിൽ ദർഷിതയ്ക്കൊപ്പം ഭർതൃമാതാവ് സുമതിയും ഭർതൃ സഹോദരൻ സൂരജുമാണ് താമസം. ഇരുവരും രാവിലെ ജോലിക്കു പോയി. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ദർഷിത സ്വന്തം നാട്ടിലേക്ക് പോകുമെന്ന് പറഞ്ഞതായി സൂരജ് പറഞ്ഞു.
എന്നാൽ പുറത്തു നിന്ന് ആരും വീട്ടിൽ അതിക്രമിച്ചു കടന്നതിന്റെ ലക്ഷണം കണ്ടെത്താനായില്ല. തുടർന്ന് ദർഷിതയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഇന്നലെ ദർഷിത കൊല്ലപ്പെട്ട വിവരം പോലീസിന് ലഭിച്ചു. കുട്ടിയെ കർണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് ദർഷിത സിദ്ധരാജുവിനൊപ്പം പോയത്.
കൊലപാതക വിവരമറിഞ്ഞു കരിക്കോട്ടക്കരി ഇൻസ്പെക്ടർ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടോടെ കർണാടകയിലെത്തി. എന്നാൽ സിദ്ധരാജുവിനെ കേരള പോലീസിന് ചോദ്യം ചെയ്യാനായില്ല. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. സ്വർണം മോഷ്ടിച്ചത് ദർഷിതയാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായില്ല. മാത്രമല്ല പണവും സ്വർണവും എവിടെയാണെന്ന് കണ്ടെത്താനും സാധിച്ചിട്ടില്ല. സിദ്ധരാജുവിനെ ചോദ്യം ചെയ്താലെ കൂടുതൽ കാര്യം വ്യക്തമാകൂ എന്ന് പോലീസ് പറയുന്നു.