പാലക്കാട്: വധശ്രമക്കേസിലെ പ്രതിയെ പിടികൂടാൻ പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റിനോക്കി, ദിവസങ്ങളായി നടത്തിവന്ന നിരീക്ഷണത്തിനൊടുവിൽ പ്രതിയെ പോലീസ് പിടികൂടിയത് വീട്ടിലെ രഹസ്യ അറയിൽനിന്ന്. കൊള്ളന്നൂർ തോട്ടുപറമ്പത്ത് മുഹമ്മദ് റാഫിയെയാണു (സുൽത്താൻ റാഫി – 42) പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.
ഈ മാസം നാലിനു കൂറ്റനാടിനു സമീപം തന്റെ സുഹൃത്തുക്കളോടു ചിലർ മോശമായി പെരുമാറി എന്നാരോപിച്ച് റാഫി തൃത്താല പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ ഇതിലെ എതിർകക്ഷികളെ ചർച്ചയ്ക്കെന്ന പേരിൽ കൊള്ളനൂർ കുന്നത്തുകാവ് ക്ഷേത്രത്തിനടുത്തുള്ള റാഫിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി സുഹൃത്തുക്കൾക്കൊപ്പം ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. മറ്റു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ നേരത്തേ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും റാഫിയെ കണ്ടെത്താനായിരുന്നില്ല. വീടിനുള്ളിലെ എല്ലാ ഭാഗങ്ങളും പോലീസ് അരിച്ചുപെറുക്കിയെങ്കിലും അടുക്കളയുടെ മുകൾ ഭാഗത്തായി ഉണ്ടായിരുന്ന രഹസ്യ അറ പോലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഉള്ളിലേക്ക് അറയുണ്ടെന്ന് പെട്ടെന്ന് മനസിലാകാത്ത രീതിയിലാണ് ഇതിന്റെ നിർമാണം. മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നതിനാൽ ടവർ ലൊക്കേഷൻ പോലീസിനു ലഭിച്ചിരുന്നില്ല.
പക്ഷെ പ്രതിയുമായി അടുപ്പമുള്ളവരുടെ ഇവിടേക്കുള്ള പോക്കുവരവാണു പ്രതി വീട്ടിൽത്തന്നെ ഉണ്ടെന്ന നിഗമനത്തിലെത്താൻ പോലീസിനെ സഹായിച്ചത്. തുടർന്നു ചൊവ്വാഴ്ച രാത്രി നടന്ന റെയ്ഡിൽ, വീടിന്റെ അടുക്കളയുടെ മുകൾഭാഗത്തു പുറമേ നിന്നു നോക്കിയാൽ ശ്രദ്ധിക്കപ്പെടാത്ത തരത്തിൽ നിർമിച്ച അറയിൽ നിന്നാണു പോലീസ് പിടികൂടുകയായിരുന്നു.
കൊലപാതക ശ്രമ കേസ് കൂടാതെ ചാലിശ്ശേരിയിൽ മൂന്നും ചങ്ങരംകുളത്ത് ഒന്നും ഒറ്റപ്പാലം സ്റ്റേഷനിൽ ഒരു സിവിൽ കേസും ഇയാൾക്കെതിരെ ഉണ്ടെന്നു പോലീസ് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡിലുള്ള എസ്‌സിപിഒ സജിത്ത്, അബ്ദുൽ റഷീദ്, നൗഷാദ് ഖാൻ, തൃത്താല പൊലീസ് ഇൻസ്പെക്ടർ മനോജ് കെ.ഗോപി, സിപിഒ ശ്രീരാജ്, സ്മിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.