ആലപ്പുഴ: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ തെരഞ്ഞെടുപ്പിൽ വനിതകൾ നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.അമ്മയുടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും കരുത്തുറ്റ സ്ത്രീകളാണെന്നും വളരെ മിടുക്കികളാണെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ രംഗത്ത് വനിതകൾക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. ശ്വേതയ്ക്കെതിരെ വളരെ മോശമായ നീക്കമുണ്ടായി. ആ ഘട്ടത്തിൽ അവർക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. നല്ല ഭാവി മലയാള സിനിമയ്ക്കുണ്ടാകും. കുക്കു പരമേശ്വരൻ അമ്മയുടെ ജനറൽ സെക്രട്ടറിയായതിൽ കൂടുതൽ സന്തോഷമുണ്ട്. പുതിയ ടീമിന് എല്ലാ വിജയാശംസകളും നേരുകയാണ്.
മാറ്റത്തിൻറെ തുടക്കമാകട്ടെയെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇങ്ങനെ പറയുമ്പോൾ പുരുഷന്മാർ മോശമാണെന്നല്ല പറയുന്നത്. എന്നാൽ, സ്ത്രീ ഭരണം വരുന്നത് നല്ലകാര്യമാണെന്നും തിയറ്ററിലെ നിരക്കിൽ ഇ-ടിക്കറ്റിങ് വരുന്നതോടെ മാറ്റമുണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ രംഗത്ത് മാറ്റങ്ങൾ കണ്ടുതുടങ്ങി എന്നതിൻറെ തെളിവാണ് നേതൃത്വത്തിലേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടതെന്നും നല്ല മാറ്റം ഉണ്ടാകട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു.
അമ്മ’ തെരഞ്ഞെടുപ്പിൽ തലപ്പത്ത് വനിതകൾ എത്തിയതിനെ സ്വാഗതം ചെയ്ത് ഡബ്ല്യുസിസിയും. ചരിത്രത്തിൽ ആദ്യമായാണ് അമ്മ സംഘടയുടെ നേതൃ സ്ഥാനത്തേക്ക് വനിതകൾ എത്തുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് നന്ദി, അമ്മ എന്ന പേരിന്റെ ഇടയ്ക്ക് വീണ കുത്തുകൾ മായ്ച്ചു കളയാനുള്ള കരുത്ത് തെരഞ്ഞെടുക്കപ്പെട്ടവരുടെ കൈകൾക്കുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നതായും വുമൺ ഇൻ സിനിമ കളക്ടീവ് സ്ഥാപകാംഗം ദീദി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷമാണിത്. `അമ്മ’യുടെ പുതിയ പ്രസിഡന്റായി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടതും മുഖ്യ ഭാരവാഹികളായി പുരുഷന്മാർക്കൊപ്പം വനിതകൾക്ക് നേതൃത്വം ലഭിച്ചതും അഭിമാനകരവും മലയാള സിനിമാ ലോകത്തിന് പ്രചോദനവുമാണ്. കലയും വനിതാ ശക്തിയും കൈകോർക്കുന്ന ഈ പുതിയ ടീമിന് ഹൃദയം നിറഞ്ഞ ആശംസകൾ -ഉമ തോമസ് കുറിച്ചു. ചീത്ത ശീലങ്ങൾ പ്രതിരോധിച്ച് പുതിയ മാറ്റങ്ങൾ വന്നു. സ്ത്രീകളെ മുന്നിൽ നിർത്തി പലരും ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ഈ വിജയം. സ്ത്രീകളുടെ മാത്രമല്ല പുരുഷൻമാരുടെ സമീപനത്തിലും മാറ്റം വന്നു എന്ന് വ്യക്തമായെന്നും മാലാ പാർവ്വതി പ്രതികരിച്ചു.
ആകെ 504 അംഗങ്ങളാണ് `അമ്മ’ അസോസിയേഷനിലുള്ളത്. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചു. ജയൻ ചേർത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാർ.