വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിൻറെ ആരോപണം തെറ്റെന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് വാർത്താ സമ്മേളനത്തിൽ വയനാട്ടിൽ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ ആരോപിച്ചത്. ഇതിനായി കണ്ടെത്തിയതു ഏറനാട് മണ്ഡലത്തിൽ മൈമൂന എന്ന ഒരു വോട്ടർക്ക് മൂന്നു ബൂത്തുകളിൽ വോട്ടുണ്ടെന്ന ആരോപണമായിരുന്നു. ഏറനാട് മണ്ഡലത്തിലെ വോട്ടറായ മൈമൂനയ്ക്ക് 115, 135, 152 എന്നീ ബൂത്തുകളിൽ വോട്ടുണ്ടെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ബിജെപി പ്രധാനമായും ആരോപിച്ചത്.
അന്നാൽ മൂന്ന് ബൂത്തുകളിലും വോട്ടുള്ളത് വെവ്വേറെ മൈമൂനമാർക്കെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ആരോപണ വിധേയരായ മൂന്നു പേരും മൂന്ന് പഞ്ചായത്തുകളിൽ താമസിക്കുന്നവരാണ്. അരീക്കോട്, കാവനൂർ, കുഴിമണ്ണ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരാണിവർ. ഈ മൂന്നു പേർക്കും ഒരു ബൂത്തിൽ മാത്രമാണ് വോട്ടുള്ളത്. കാവനൂർ പഞ്ചായത്തിലെ മൈമൂനയ്ക്ക് വോട്ടുള്ളത് 115 നമ്പർ ബൂത്തിലാണ്, ക്രമനമ്പർ 778.
അതേസമയം കുഴിമണ്ണ പഞ്ചായത്തിലെ മൈമൂനയ്ക്ക് 152 നമ്പർ ബൂത്തിൽ, 541 ക്രമനമ്പറിൽ വോട്ട്. അരീക്കോട് പഞ്ചായത്തിൽ താമസിക്കുന്ന മൈമൂനയ്ക്ക് വോട്ട് 135 നമ്പർ ബൂത്തിൽ, 669 ക്രമനമ്പറിൽ വോട്ട്. ഇതോടെ ബിജെപി ദേശീയ നേതൃത്വത്തിൻറെ ആരോപണം പൊളിഞ്ഞിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് മൈമൂനമാരേയും കണ്ടെത്തിയത്.
വയനാട് ലോക്സഭ മണ്ഡലത്തിൽ 93,000 വോട്ടുകൾ കൃത്രിമമായി ചേർത്തതാണ് എന്നായിരുന്നു ബിജെപി നേതാവ് അനുരാഗ് ഠാക്കൂറിൻറെ വാദം. വ്യത്യസ്ത മതത്തിലുള്ളവർ ഒരു വീട്ടിൽ താമസിക്കുന്നുവെന്ന തരത്തിലാണ് വിലാസം നൽകിയിരിക്കുന്നത് എന്നായിരുന്നു മുൻ കേന്ദ്ര മന്ത്രികൂടിയായ ഠാക്കൂറിൻറെ ആരോപണം. വയനാട്ടിലെ കൽപ്പറ്റയിലെ ചൗണ്ടേരിയിലെ രണ്ടു വോട്ടർമാരെ അദ്ദേഹം ഉദാഹരണം ആക്കി പറയുകയും ചെയ്തു.
അതേസമയം ചൗണ്ടേരി എന്ന പേരിൽ ഉമറും ലില്ലിക്കുട്ടിയും ഫാറൂഖും കമലമ്മയും എങ്ങനെ വന്നു എന്നായിരുന്നു അനുരാഗ് താക്കൂറിന്റെ ചോദ്യം. എന്നാൽ പിന്നീട് വ്യക്തമാകുന്നത് ചൗണ്ടേരി എന്നത് വീട്ടുപേരല്ല, ഒരു ചെറിയ ദേശത്തിന്റെ പേരാണ്. പഴയ കാലത്തേ ചാമുണ്ഡേശ്വരി കുന്നാണ് പിന്നീട് ചൗണ്ടേരി ആയതാണ് എന്നാണ് ഈ പ്രദേശത്തെ വോട്ടർമാർ പറയുന്നത്. പിന്നീട് ജാതി മത വ്യത്യാസം ഇല്ലാതെ ഈ നാട്ടിലെ മിക്കവരും ചൗണ്ടേരി എന്നത് തങ്ങളുടെ പേരിനോട് ചേർക്കുന്നു എന്നാണ് ഇവിടുത്തുകാർ പറയുന്നത്.