ആലപ്പുഴ: പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെ നഗരത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ യുവാവിനെ കുത്തിപ്പരുക്കേൽപിച്ചത് ദീർഘകാലത്തെ ആസൂത്രണത്തിനു ശേഷമെന്ന് പോലീസ്. കുത്തേറ്റ കണ്ണൂർ സ്വദേശി റിയാസ് പ്രതികളിലൊരാളായ തിരുവനന്തപുരം പറമുകൾ ശിവാലയം സിബിയുടെ കാമുകിയായ പത്തൊൻപതുകാരിയെ ഊട്ടിയിൽ വച്ച് പീഡിപ്പിച്ചതിലുള്ള പ്രതികാരമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസിനു പ്രതികൾ നൽകിയ മൊഴി. ഈ യുവതിയുടെ പേരിൽ വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുണ്ടാക്കി റിയാസുമായി സൗഹൃദം സ്ഥാപിച്ച് ആലപ്പുഴയിലേക്കു വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.
ഊട്ടിയിൽ വിദ്യാർഥിയായ യുവതിയുടെ മാല അവിടെ വച്ചു നഷ്ടപ്പെട്ടു. റിയാസ് ഊട്ടിയിൽ കാറിൽ സഞ്ചരിക്കുമ്പോൾ പെൺകുട്ടി എന്തോ തിരയുന്നത് കണ്ട് വിവരം അന്വേഷിച്ചു. മാല നഷ്ടമായതാണെന്ന് അറിഞ്ഞപ്പോൾ, തനിക്ക് ഒരു മാല കിട്ടിയിട്ടുണ്ടെന്നും ഒരു കടയിൽ ഏൽപിച്ചുവെന്നും അവിടെ നിന്ന് വാങ്ങിത്തരാം എന്നും പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി ലഹരി വസ്തു നൽകി പീഡിപ്പിച്ചു. ഇക്കാര്യം പെൺകുട്ടി സിബിയോട് പറഞ്ഞു. അന്നുമുതൽ സിബി റിയാസിനെ തേടി നടക്കുകയായിരുന്നു. കണ്ണൂരിൽ പല തവണ എത്തിയെങ്കിലും റിയാസിനെ കണ്ടെത്താനായില്ല.
തുടർന്ന് സുഹൃത്ത് വിഷ്ണുലാലുമായി ചേർന്ന് യുവതിയുടെ പേരിൽ വ്യാജ സമൂഹ മാധ്യമ അക്കൗണ്ട് ഉണ്ടാക്കി റിയാസുമായി സൗഹൃദം സ്ഥാപിച്ചു. ആ കെണിയിൽ വീണ റിയാസ് യുവതിയെ നേരിൽ കാണാമെന്നു വിശ്വസിച്ച് ആലപ്പുഴയിലെത്തുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ബൈക്കിൽ എത്തിയ പ്രതികളായ സിബിയും വിഷ്ണു ലാലും കല്ലുപാലത്തിന് സമീപം വാഹനം വച്ച ശേഷം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തി റിയാസിനെ കണ്ടെത്തി ആക്രമിക്കുകയായിരുന്നു.
അതേസമയം ‘സഹോദരിയെ പീഡിപ്പിച്ചയാളെ യുവാവ് കുത്തിവീഴ്ത്തുന്നു’ എന്ന പേരിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതികൾക്ക് അനുകൂലമായി ഒട്ടേറെപേർ രംഗത്തെത്തുന്നുണ്ട്. 31ന് വൈകിട്ട് അഞ്ചരയോടെയാണ് അക്രമമുണ്ടായത്.