ഹൈദരാബാദ് : ഫാംഹൗസിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് 6 ഐടി ജീവനക്കാർ അറസ്റ്റിൽ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. സഹപ്രവർത്തകന്റെ ജന്മദിനാഘോഷത്തിനാണ് യുവാക്കൾ ഫാം ഹൗസ് ബുക്ക് ചെയ്തത്. ആഘോഷ വേളയിൽ സംഘം ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന.
എൽഎസ്ഡി, ഹഷീഷ് എന്നിവ ഉൾപ്പെടെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളും മൂന്ന് ആഡംബര കാറുകളും പിടിച്ചെടുത്തു. അറസ്റ്റിലായവർ ലഹരി ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തി. പാർട്ടിയിൽ പങ്കെടുത്ത 2 പേരെ പൊലീസിനു പിടികൂടാനായില്ല. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഫാം ഹൗസ് വിട്ടുകൊടുത്തതിന് മാനേജർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്.