കൊച്ചി: കോതമംഗലം അൻസിൽ കൊലപാതകത്തിൽ പ്രതി അഥീന നാളുകളെടുത്തി നടത്തിയ ആസൂത്രണത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചു. അനിസിലിനെ കൊല്ലാൻ രണ്ടുമാസം മുൻപേ തയാറെടുപ്പുകൾ തുടങ്ങിയെന്നാണ് അഥീനയുടെ മൊഴി. ഇതിനായി വിഷം വാങ്ങിയതിന്റെയും വീട്ടിൽ സൂക്ഷിച്ചതിന്റെയും തെളിവുകൾ പോലീസിനു ലഭിച്ചുകഴിഞ്ഞു.
മുൻവൈരാഗ്യമാണ് കൊലപാതകത്തിലെത്തിച്ചത്. കൃത്യം നടന്ന ദിവസം രാത്രി അൻസിൽ വീട്ടിൽ എത്തും മുൻപ് വീട്ടിലെ സിസിടിവിയുടെ ഡിവിആർ അഥീന എടുത്തുമാറ്റുകയും ദൃശ്യങ്ങളും നശിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലേക്ക് ജൂലൈ 31നു പുലർച്ചെയാണ് അൻസിൽ എത്തിയത്. വീട്ടിലെത്തിയ അൻസിൽ കുടിക്കാനായി വെള്ളം ചോദിച്ചപ്പോൾ അഥീന ഡിസ്‌പോസിബിൾ ഗ്ലാസിൽ ശീതളപാനീയത്തിൽ വിഷം ചേർത്ത് നൽകുകയായിരുന്നു.
സംഭവം മനസിലായ അൻസിൽ തന്നെയാണു വിഷം അകത്തുചെന്ന വിവരം സുഹൃത്തിനെയും പോലീസിനെയും വിവരമറിയിച്ചത്. ഈ സമയം അഥീന അൻസിലിന്റെ വീട്ടുകാരെയും വിവരം അറിയിച്ചു. ആത്മഹത്യാ ശ്രമം എന്നാണ് അഥീന പോലീസിനോടും വീട്ടുകാരോടും പറഞ്ഞത്. തുടർന്ന് പോലീസും ബന്ധുക്കളും എത്തി ആംബുലൻസിൽ അൻസിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ 31നു രാത്രിയാണ് അൻസിൽ മരിച്ചത്.
അതേസമയം ടിപ്പർ ഡ്രൈവറായ അൻസിലും അഥീനയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇയാൾ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. അഥീന അവിവാഹിതയാണ്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതേ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് അഥീന പോലീസിനു നൽകിയ മൊഴി.
സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് രണ്ടു മാസം മുൻപ് അൻസിൽ മർദിച്ചതായി കോതമംഗലം പോലീസിൽ അഥീന പരാതി നൽകിയിരുന്നു. ഈ കേസ് രണ്ടാഴ്ച മുൻപ് അഥീന പിൻവലിച്ചു. പണം നൽകാമെന്ന് അൻസിലിന്റെ വാഗ്ദാനത്തെ തുടർന്നാണ് പരാതി പിൻവലിച്ചത്. എന്നാൽ പറഞ്ഞ സമയത്തു ഇതു നൽകാത്തതിനെ തുടർന്ന് അൻസിലുമായി കഴിഞ്ഞ ചൊവ്വാഴ്ച്ച വീണ്ടും വഴക്കുണ്ടായി. തുടർന്നുണ്ടായ വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചത്. അൻസിൽ നൽകാനുള്ള പണം അൻസിലിന്റെ ഭാര്യയോടും അഥീന ചോദിച്ചിരുന്നതായാണ് വിവരം.
അതേസമയം അഥീന വിഷംനൽകിയെന്ന് ആംബുലൻസിൽ വച്ച് അൻസിൽ സുഹൃത്തിനോട് നടത്തിയ വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവായത്. വിഷം ഉള്ളിൽചെന്നു അൻസിലിന്റെ ശ്വാസകോശത്തിന് പൊള്ളലേൽക്കുകയും കരളും വൃക്കയുമടക്കമുള്ള ആന്തരികാവയവങ്ങൾ തകരാറിലാവുകയും ചെയ്തതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതാണ് മരണ കാരണം.
ഇതിനിടെ കൃത്യം നടത്താൻ അഥീനയ്ക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി അഥീനയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ റിമാൻഡിലുള്ള അഥീന കാക്കനാട് വനിതാ ജയിലിലാണുള്ളത്.