ധർമസ്ഥല: ധർമസ്ഥല കേസിൽ പ്രത്യേക അന്വേഷണസംഘത്തിലെ (എസ്‌ഐടി) ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി സാക്ഷിയുടെ അഭിഭാഷകൻ. സിർസി സ്റ്റേഷനിലെ ഇൻസ്‌പെക്ടറും എസ്‌ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡയ്‌ക്കെതിരേയാണ് ഗുരുതരമായ ആരോപണമുയർന്നിരിക്കുന്നത്. ഇൻസ്‌പെക്ടർ മഞ്ജുനാഥ ഗൗഡ കഴിഞ്ഞ ദിവസം സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും പരാതി പിൻവലിക്കാൻ നിർബന്ധിച്ചെന്നുമാണ് അഭിഷാഷകൻ ഉന്നയിച്ച ആരോപണം.
രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ ധർമസ്ഥല കേസിൽ എസ്‌ഐടി സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ ആരോപണമുയർന്നിരിക്കുന്നത്. അതേസമയം സാക്ഷിയെ ഭീഷണിപ്പെടുത്തിയ എസ്‌ഐടി അംഗമായ മഞ്ജുനാഥ ഗൗഡയ്‌ക്കെതിരേ കേസെടുക്കണമെന്ന് ധർമസ്ഥല ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കുഴിച്ചിട്ട മൃതദേഹങ്ങൾ എസ്‌ഐടി എടുത്തില്ലെങ്കിൽ തങ്ങൾ എടുക്കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു.
അതേസമയം ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ പ്രകാരം നേത്രാവതി പുഴയ്ക്കരയിൽ വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. അടയാളപ്പെടുത്തിയ ഏഴ്, എട്ട് സ്ഥലങ്ങളിൽ രാവിലെ 11.30- ഓടെ മണ്ണുനീക്കി പരിശോധിച്ചു. കുഴിക്കുമ്പോൾ നീരുറവ വരുന്നത് തിരച്ചിലിന് തടസമായി. പിന്നാലെ പമ്പ് കൊണ്ടുവന്ന് വെള്ളം നീക്കിയാണ് പരിശോധന തുടർന്നത്. സാക്ഷി നൽകിയ മൊഴിപ്രകാരം മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്നു പറഞ്ഞത് 13 ഇടങ്ങളിലാണ്. ഇതിൽ എട്ട് സ്ഥലങ്ങളിൽ നാലുദിവസങ്ങളിലായി പരിശോധിച്ചു. ശനിയാഴ്ച മൂന്നിടങ്ങളിൽ മണ്ണുനീക്കി പരിശോധിക്കും. ധർമസ്ഥല-സുബ്രഹ്‌മണ്യ റോഡിന് തൊട്ടരികെയാണ് ഈ സ്ഥലങ്ങൾ. ഗതാഗതതടസമുണ്ടാവാതെ മണ്ണുനീക്കി പരിശോധിക്കാനുള്ള ശ്രമമാണ് അന്വേഷണസംഘം നടത്തുന്നത്.
കഴിഞ്ഞ ദിവസം ആറാം സ്ഥലത്ത് കുഴിച്ചപ്പോൾ കിട്ടിയത് അഞ്ച് പല്ലും രണ്ട് തുടയെല്ലും ഒരു താടിയെല്ലുമാണ്. ഇത് പുരുഷന്റെതാണെന്ന പ്രാഥമിക നിമഗനത്തിലാണ് അന്വേഷണസംഘം. അസ്ഥികൾ ബെംഗളൂരുവിലെ ഫൊറൻസിക് ലാബിലേക്ക് അയച്ചു.