ടേൺബെറി (സ്‌കോട്‌ലൻഡ്): യുക്രെയ്‌നെതിരെയുള്ള യുദ്ധം 10 – 12 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന് റഷ്യയ്‌ക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം. യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും റഷ്യയ്‌ക്കെതിരെയും റഷ്യയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിലപാടിൽ കടുത്ത അതൃപ്തിയുണ്ടെന്നും ഇന്നു മുതൽ 10–12 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണമെന്ന പുതിയ സമയപരിധി നൽകുകയാണെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറും കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
യുക്രെയ്ൻ യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തി ശിക്ഷിക്കുമെന്ന് ഡോണൾഡ് ട്രംപ് റഷ്യയ്‌ക്കു ജൂലൈ 14ന് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടിവരും. പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയുടെ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സെക്രട്ടറി ജനറൽ മാർക് റട്ടുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഈ സമയപരിധി വെട്ടിക്കുറച്ചാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.