ബോംബെ: ഗാസയിലെ വംശഹത്യയ്‌ക്കെതിരെ പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ച മുംബൈ പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് സിപിഐഎം സമർപ്പിച്ച ഹർജി തള്ളി ബോംബെ ഹൈക്കോടതി. ആദ്യം സ്വന്തം രാജ്യത്തെ പ്രശ്നങ്ങൾ നോക്കാൻ പറഞ്ഞ കോടതി, ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഇന്ത്യയെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജി തള്ളി. ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
“പറയേണ്ടി വന്നതിൽ ഖേദമുണ്ട്, എങ്കിലും ഇതുപോലുള്ള ഒന്നും നമുക്ക് വേണ്ട. നമ്മുടെ രാജ്യത്തിന് ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ട്. നിങ്ങളെല്ലാം ഹ്രസ്വദൃഷ്ടിയുള്ളവരാണ്. ഗാസയിലെയും പലസ്തീനിലെയും പ്രശ്‌നങ്ങൾ നിങ്ങൾ നോക്കുകയാണ്. നിങ്ങളുടെ സ്വന്തം രാജ്യത്തെ നോക്കൂ. രാജ്യസ്‌നേഹികളാകൂ. ഇത് രാജ്യസ്‌നേഹമല്ല. ആളുകൾ പറയുന്നത് നിങ്ങൾ രാജ്യസ്‌നേഹികളാണെന്ന്,” കോടതി അഭിപ്രായപ്പെട്ടു.
അതുപോലെ മാലിന്യ നിക്ഷേപം, മലിനീകരണം, ഡ്രെയിനേജ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രാദേശിക പൗര ആശങ്കകൾ പാർട്ടി ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. രാജ്യത്തിന്റെ വിദേശനയം പാർട്ടി സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി, അത്തരം പ്രതിഷേധങ്ങൾ മൂലം ഉണ്ടാകാൻ സാധ്യതയുള്ള നയതന്ത്ര പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
ജൂൺ 17 ന് ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി ഗാസയിലെ വംശഹത്യയ്‌ക്കെതിരെ ആസാദ് മൈതാനിയിൽ പ്രതിഷേധം നടത്താൻ ഓൾ ഇന്ത്യ സോളിഡാരിറ്റി ഓർഗനൈസേഷൻ സമർപ്പിച്ച അപേക്ഷ മുംബൈ പോലീസ് നിരസിച്ചിരുന്നു. എന്നാൽ വിദേശ നയത്തിന് എതിരാണെങ്കിൽക്കൂടി പൗരൻമാർക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേയെന്ന് സിപിഎമ്മിനായി ഹാജരായ മിഹിർ ദേശായ് ആരാഞ്ഞു.
അതേസമയം കോടതി നിലപാടിനെ സിപിഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. രാഷ്ട്രീയ പാർട്ടിയുടെ അവകാശങ്ങളെക്കുറിച്ചും പലസ്തീനികളോടുള്ള ജനങ്ങളുടെ ഐക്യദാർഢ്യത്തെക്കുറിച്ചും ബെഞ്ചിന് അറിയില്ലെന്നും പക്ഷപാതപരമായ നിലപാടാണെന്നും കുറ്റപ്പെടുത്തി.