ഇടുക്കി: ബൈസൺവാലി ഹൈസ്‌കൂളിൽ സഹപാഠികൾക്കും അവരുടെ മാതാപിതാക്കൾക്കും നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് പ്ലസ് ടു വിദ്യാർഥി. വിദ്യാർഥിയും സഹപാഠിയുടെ മാതാപിതാക്കളും തമ്മിലുണ്ടായ തർക്കമാണ് പെപ്പർ സ്പ്രേ പ്രയോഗത്തിൽ കലാശിച്ചത്. സംഭവത്തിൽ പത്തു വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.
സഹപാഠികൾ തമ്മിൽ നേരത്തേ മുതൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതു ചോദ്യം ചെയ്യാനായി വിദ്യാർഥികളുടെ മാതാപിതാക്കൾ എത്തുകയും പ്ലസ്ടു വിദ്യാർഥിയുമായി വാക്കുതർക്കമുണ്ടാകുകയായിരുന്നു. ഇതോടെ പ്ലസ്ടു വിദ്യാർഥി കൈയിൽ സൂക്ഷിച്ചിരുന്ന പെപ്പർ സ്പ്രേ മാതാപിതാക്കളുടെ മുഖത്തേക്ക് പ്രയോഗിക്കുകയായിരുന്നു.
ഇതുകണ്ടു പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴാണ് മറ്റു വിദ്യാർഥികൾക്കു നേരെയും പെപ്പർ സ്പ്രേ അടിച്ചത്. ഇതോടെ പത്തു വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇവരിൽ എട്ടുപേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രാജക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂൾ അധികൃതർ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.