വാഷിങ്ടൻ: ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി, ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിക്കായി പ്രത്യേക വിരുന്നുമൊരുക്കി. യുഎസ് വിമാനങ്ങളും ജെറ്റ് എൻജിനുകളും വാങ്ങാൻ ബഹ്റൈനുമായി കരാറായി. നിർമിതബുദ്ധി മേഖലയിലും അലുമിനിയം ഉൽപാദനത്തിലും യുഎസ് നിക്ഷേപത്തിനും ധാരണയായി.
ബഹ്റൈൻ രാജാവ് ഈ വർഷാവസാനത്തോടെ യുഎസ് സന്ദർശിക്കും. യുഎസ് നാവികസേനയുടെ ഫിഫ്ത് ഫ്ലീറ്റിന്റെ ആസ്ഥാനം ബഹ്റൈനിലാണ്. പശ്ചിമേഷ്യയിൽ യുഎസിന്റെ ഏറ്റവും വലിയ സൈനികത്താവളമായ അൽ ഉദൈദ് എയർ ബേസ് ഖത്തറിലും. മേയിൽ സൗദി, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ ട്രംപ് സന്ദർശനം നടത്തിയിരുന്നു.
അതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സെപ്റ്റംബറിൽ പാക്കിസ്ഥാൻ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. പാകിസ്ഥാനിലേക്കുള്ള യാത്ര ഇപ്പോൾ നിശ്ചയിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡോണൾഡ് ട്രംപ് സെപ്റ്റംബറിൽ പാക്കിസ്ഥാൻ സന്ദർശിക്കുമെന്നും തുടർന്ന് ഇന്ത്യയിലേക്ക് പോകുമെന്നും പാക്ക് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ, ഇതേപ്പറ്റി അറിവില്ലെന്നാണ് പാക്ക് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ഒന്നും പറയാനില്ലെന്ന് ഇസ്ലാമാബാദിലെ യുഎസ് എംബസി വക്താവും പറഞ്ഞു. സന്ദർശന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചതിനു പിന്നാലെ രണ്ടു പ്രധാന ടെലിവിഷൻ ചാനലുകൾ വാർത്ത പിൻവലിച്ചു. സ്ഥിരീകരണമില്ലാത്ത വാർത്ത സംപ്രേഷണം ചെയ്‌തതിൽ ഒരു ടെലിവിഷൻ ചാനൽ മാപ്പ് പറയുകയും ചെയ്‌തു.
ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെട്ട ക്വാഡ് കൂട്ടായ്മയുടെ അടുത്ത ഉച്ചകോടി ഇന്ത്യയിലാണു നടക്കുന്നത്. ഇതിൽ ട്രംപ് പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ക്വാഡ് സമ്മേളനത്തിന്റെ തീയതി തീരുമാനമായിട്ടില്ല. ക്വാഡ് സമ്മേളനത്തിന് ഇന്ത്യയിലെത്തുന്നതിനു മുൻപ് ട്രംപ് പാക്കിസ്ഥാനിൽ ഇറങ്ങുമെന്ന മട്ടിലും പ്രചാരണമുണ്ട്. സന്ദർശനം നടക്കുകയാണെങ്കിൽ രണ്ടു പതിറ്റാണ്ടിനു ശേഷമാണ് യുഎസ് പ്രസിഡന്റ് പാക്കിസ്ഥാനിലെത്തുന്നത്. 2006 ൽ ജോർജ് ബുഷ് ആണ് അവസാനം പാക്കിസ്ഥാൻ സന്ദർശിച്ചത്. ഇന്ത്യ – പാക്ക് സംഘർഷത്തിനു ശേഷം കഴിഞ്ഞ മാസം പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ വൈറ്റ് ഹൗസിലെത്തി ട്രംപിനെ കണ്ടിരുന്നു.