ദാമ്പത്യജീവിതത്തിലെ തകർച്ചയും ഇടയ്ക്കിടയ്ക്കു വരുന്ന പരുക്കും പ്രതിസന്ധികളിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ മുൻ ഭാര്യ ഹസിൻ ജഹാനും മകൾ ഐറയ്ക്കും ചെലവിനായി പ്രതിമാസം നാലുലക്ഷം രൂപവീതം നൽകാൻ ഷമിയോട് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടതുവരെ എത്തി നിൽക്കുന്നു ഷമിയുടെ ജീവിതം. ഇക്കാര്യത്തിലിപ്പോഴും നിയമപോരാട്ടം തുടരുമ്പോഴും മകൾ ഐറയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. ഇൻസ്റ്റഗ്രാമിൽ വികാരനിർഭരമായ കുറിപ്പാണ് താരം പങ്കുവച്ചത്.
‘നമ്മൾ സംസാരിച്ചും ചിരിച്ചും കഴിഞ്ഞ രാത്രികളെയും പ്രത്യേകിച്ച് നിന്റെ നൃത്തവും ഞാൻ ഇപ്പോഴും ഓർക്കുന്നു. നീ ഇത്ര വേഗം വളരുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ജീവിതത്തിൽ നിനക്ക് എല്ലാ നന്മകളും നേരുന്നു. സ്നേഹവും സമാധാനവും സന്തോഷവും നല്ല ആരോഗ്യവും നൽകി ദൈവം നിന്നെ എന്നും അനുഗ്രഹിക്കട്ടെ. ജന്മദിനാശംസകൾ.’
അതേസമയം ഹസിൻ ജഹാനിൽ ഷമിക്ക് പിറന്ന മകളാണ് ഐറ. വിവാഹബന്ധം വേർപെടുത്തിയതോടെ അമ്മ ഹസിൻ ജഹാനൊപ്പമാണ് ഐറ താമസിക്കുന്നത്. 2012-ൽ ഐപിഎല്ലിനിടെ ഇരുവരും പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിൻ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഷമിയെക്കാൾ 10 വയസിന് മൂത്ത ഹസിന് മുൻവിവാഹത്തിൽ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവർഷങ്ങൾക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിൻ വിവാഹമോചനം നേടിയത്. കൂടാതെ അന്നത്തെ വാതുവയ്പ്പു സംഭവവും ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ രൂക്ഷമാക്കിയിരുന്നു.
അതേസമയം ഹസിൻ ജഹാന് മാസം ഒന്നര ലക്ഷം രൂപയും മകൾ ഐറയ്ക്ക് രണ്ടര ലക്ഷം രൂപയും നൽകണമെന്നാണ് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടതു ഏതാനും ദിവസം മുൻപായിരുന്നു. ഏഴുവർഷം മുമ്പ് ജീവനാംശമായി 7 ലക്ഷം രൂപ ആവശ്യപ്പെട്ട് ജഹാൻ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. മോഡലിങ് വഴി ജഹാൻ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തള്ളിയത്. എന്നാൽ ജഹാൻ നിയമപോരാട്ടം തുടരുകയായിരുന്നു. ഷമി പ്രതിവർഷം 7.5 കോടി രൂപ സമ്പാദിക്കുന്നുണ്ടെന്നും തനിക്കും മകൾക്കും ആവശ്യമായ പണം നൽകുന്നില്ലെന്നുമായിരുന്നു ജഹാന്റെ പരാതി. ഷമിയുടെ വരുമാനം കണക്കിലെടുത്താണ് കോടതി പ്രതിമാസം നാലുലക്ഷം നൽകണമെന്ന് വിധിച്ചത്.
നേരത്തെ പ്രതിമാസം 50,000 രൂപ ജീവനാംശവും 80,000 രൂപ മകൾക്കായും നൽകാനുത്തരവിട്ട ജില്ലാ സെഷൻസ് കോടതി വിധിക്കെതിരേ ഹസിൻ ജഹാൻ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി വന്നത്. എന്നാൽ ഇതുപോരായെന്ന വാദമാണ് ഹസിൻ ജഹാൻ ഇപ്പോഴും ഉയർത്തുന്നത്.
View this post on Instagram