കൊല്ലം: ഷാർജ അൽ നഹ്ദയിൽ മലയാളി യുവതിയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. കൊല്ലം കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിപഞ്ചിക നോട്ട്ബുക്കിലെ ആറ് പേജുകളിലായി എഴുതിയ ആത്മഹത്യ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിപഞ്ചിക തൻറെ കൈപ്പടയിൽ എഴുതിയതെന്ന രീതിയിൽ പ്രചരിക്കുന്ന കുറിപ്പ് വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഈ കത്ത് ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
യുവതിയുടെ കുറിപ്പിൽ ഭർത്താവ് നിതീഷിനും ഇയാളുടെ പിതാവിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. സ്ത്രീധനം കുറഞ്ഞുപോയതിൻറെ പേരിൽ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും ഭർത്താവിൻറെ പിതാവ് അപമര്യാദയായി പെരുമാറിയെന്നും കത്തിൽ പറയുന്നു.
തനിക്ക് മരിക്കാൻ ഒട്ടും ആഗ്രഹമില്ലെന്നും മകളുടെ മുഖം കണ്ട് കൊതി തീർന്നിട്ടില്ലെന്നും കൊലയാളികളെ വെറുതെ വിടരുതെന്നും കത്തിൽ പറയുന്നുണ്ട്. പട്ടിയെ പോലെ തല്ലിയിട്ടുണ്ട്, ആഹാരം തരില്ല, നാട്ടിൽ കൊണ്ടുപോകില്ല എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് ഭർത്താവ് നിതീഷിനെതിരെ കത്തിലുള്ളത്. കൂടാതെ ലൈംഗിക വൈകൃതമുള്ളയാളാണ് ഭർത്താവ് നിതീഷെന്നും വീഡിയോസ് കണ്ട് അതുപോലെ ബെഡിൽ വേണമെന്ന് ആവശ്യപ്പെടുമെന്നും കത്തിലുണ്ട്.
ഒരിക്കൽ ഭർത്താവ് വീട്ടിൽ വെച്ച് വലിയ വഴക്കിനിടെ തറയിൽ വീണ മുടിയും പൊടിയും എല്ലാം കൂടി ചേർന്ന ഷവർമ്മ വായിൽ കുത്തിയകയറ്റി. ഗർഭിണി ആയിരുന്നപ്പോൾ ഭർത്താവിൻറെ സഹോദരിയുടെ പേരും പറഞ്ഞ് തൻറെ കഴുത്തിൽ ബെൽറ്റ് ഇട്ട് വലിച്ചു, ആ സ്ത്രീ (ഭർത്താവിൻറെ സഹോദരി ) തന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല. ഭർത്താവ് കുഞ്ഞിനെ പോലും നോക്കിയിട്ടില്ലെന്നും ഒരുപാട് സഹിച്ചെന്നും മടുത്തെന്നും കത്തിൽ പറയുന്നു.
നിതീഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ട്. ഒരു വർഷത്തിലേറെയായി തൻറെ ഒരു കാര്യങ്ങളും നോക്കിയിരുന്നില്ലെന്നും ഭക്ഷണം പോലും തന്നില്ലെന്നും കത്തിലുണ്ട്. കല്യാണം ആഢംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞുപോയി, കാർ കൊടുത്തില്ല എന്ന് പറഞ്ഞ് കൊല്ലാക്കൊല ചെയ്തതൊക്കെ സഹിച്ചു, അച്ഛൻ മോശമായി പെരുമാറിയിട്ടും ഭർത്താവ് പ്രതികരിച്ചില്ലെന്നും അച്ഛന് വേണ്ടി കൂടിയാണ് കല്യാണം കഴിച്ചതെന്ന് ഭർത്താവ് പറഞ്ഞതായും കത്തിൽ എഴുതിയിട്ടുണ്ട്. തൻറെ മരണത്തിൽ ഒന്നാം പ്രതി ഭർത്താവിൻറെ സഹോദരി നീതുവും ഭർത്താവ് നിതീഷും ആണെന്നും രണ്ടാം പ്രതി ഭർത്താവിൻറെ അച്ഛൻ മോഹനൻ ആണെന്നും കത്തിൽ വിപഞ്ചിക പറയുന്നു.