സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. എന്തുകൊണ്ടാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് കൊടുക്കാത്തതെന്ന് സെൻസർ ബോർഡിനോട് അല്ലേ ചോദിക്കേണ്ടതെന്ന് ഷൈൻ ടോം ചാക്കോ ചോദിച്ചു. ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരുസംസ്‌കാരം അല്ലേ, താൻ പ്രതികരിച്ചതുകൊണ്ട് ബോർഡ് സെൻസർ സർട്ടിഫിക്കറ്റ് തരാൻ പോകുന്നില്ലെന്നും ഷൈൻ മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.
ഷൈനിന്റെ പ്രതികരണം ഇങ്ങനെ-
‘സെൻസർ സർട്ടിഫിക്കറ്റ് തരാത്തതെന്തെന്നു സെൻസർ ബോർഡിനോടല്ലേ ചോദിക്കേണ്ടത്. ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരുസംസ്‌കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ഇന്ത്യയിലുള്ള, ഈ പ്രദേശത്തുള്ള ഒരു കഥാപാത്രമല്ലേ. ഞാൻ പ്രതികരിച്ചതുകൊണ്ട് അവർ സെൻസർ സർട്ടിഫിക്കറ്റ് തരാൻ പോകുന്നില്ല. ഈ പ്രശ്‌നങ്ങളും തീരില്ല. എനിക്ക് എന്തെങ്കിലും അധികാരം ഉണ്ടെങ്കിൽ അല്ലേ പറഞ്ഞിട്ട് കാര്യമുള്ളൂ.
അതേസമയം സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’. ചിത്രത്തിന്റേയും പ്രധാനകഥാപാത്രമായ ജാനകിയുടേയും പേര് മാറ്റണമെന്നായിരുന്നു സെൻസർ ബോർഡിന്റെ വാക്കാലുള്ള നിർദേശം. ജൂൺ 27-ന് പുറത്തിറങ്ങേണ്ടിയുരുന്ന ചിത്രത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ല. തുടർന്ന് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. നിർമാതാക്കളുടെ അഭ്യർഥനയെത്തുടർന്ന് കേസ് പരിഗണിക്കുന്ന ബെഞ്ച് സിനിമ കണ്ടിരുന്നു.
അതോടൊപ്പം വിൻസിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ നടൻ വിൻസിയോട് ക്ഷമാപണവും നടത്തിയിരുന്നു. വിൻസിയെ എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. തീർച്ചയായും അതൊരാളെ വേദനിപ്പിക്കും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഫൺ രീതിയിലുള്ള സംസാരങ്ങൾ ലൂസ് ടോക്ക് പോലെ പറയുമ്പോൾ, അത് മറ്റുള്ളവരെ വേദനിപ്പിക്കുന്നുണ്ടെന്ന് പലപ്പോഴും നാം അറിയാറില്ല. എല്ലാവരും ഒരേപോലെയല്ല, അത് കാണുന്നതും കേൾക്കുന്നതും മനസിലാക്കുന്നതും ആസ്വദിക്കുന്നതും. എല്ലാം വ്യത്യസ്തമാണ് എല്ലാവർക്കും. ഒരു കാര്യം കേൾക്കുമ്പോൾ അഞ്ച് പേരും അഞ്ച് രീതിയിലാകും എടുക്കുക, എല്ലാവരും അത് ആസ്വദിച്ചെന്നു വരില്ല. പലപ്പോഴും ഇതെനിക്ക് മനസിലായിരുന്നില്ല. അങ്ങനെ എന്റെ ഭാഗത്തു നിന്ന് വിൻസി വേദനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സോറി.’’–ഷൈൻ ടോമിന്റെ വാക്കുകൾ.