സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡോക്ടർ ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകൾ എൽഡിഎഫിനെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം എൽഡിഎഫ് ക്യാമ്പുകളിൽ പടർത്തിയ ഭീതിയെ ആളിക്കത്തിന്നതാണ് ഡോക്ടർ ഹാരിസിന്റെ വെളിപ്പെടുത്തലുകൾ. ആരോഗ്യരംഗത്ത് കേരളം ലോകത്തിന് മാതൃകയാണെന്ന ഇടതു സർക്കാരന്റെ വാദങ്ങൾ ഇതോടെ പൊളിഞ്ഞടങ്ങി. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കീഴിൽ തകരുന്ന കേരള ആരോഗ്യ മാതൃക ഇതോടെ ജനങ്ങൾ ചർച്ചയാക്കി മാറ്റിക്കഴിഞ്ഞു.
കേരളത്തിന്റെ ആരോഗ്യ മാതൃക ലോകത്ത് തന്നെ പ്രശംസിക്കപ്പെട്ട ഒന്നാണ് എന്നായിരുന്നു എൽഡിഎഫ് ഉയർത്തിയിരുന്ന വാദം. ഉയർന്ന സാക്ഷരതയും ആരോഗ്യ സൂചികകളും കേരളത്തെ ശ്രദ്ധേയമാക്കിയിരുന്നു എന്ന വാദമാണ് എന്നും എൽഡിഎഫ് ഉയർത്തിയിരുന്നത്. എന്നാൽ, നിലവിലെ LDF സർക്കാരിന്റെ രണ്ടാം വരവിൽ ഈ മാതൃക തകർച്ചയുടെ വക്കിലാണെന്ന ആരോപണങ്ങൾ ശക്തമാണ്. ഇതിന് കാരണമാകുന്ന ചില പ്രധാന വിഷയങ്ങൾ ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. ഒരുകാലത്ത് ലോകം പ്രശംസിച്ച കേരള ആരോഗ്യ മാതൃക ഇപ്പോൾ പൂർണ്ണ തകർച്ചയിൽ എത്തിനിൽക്കുകയാണ്.
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം മുമ്പ് പലപ്പോഴും ലോകത്തിന് തന്നെ മാതൃകയായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ, ഇന്ന് ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളുടെയും മരുന്നുകളുടെയും ഉപകരണങ്ങളുടെയും കുറവ് വ്യാപകമാണ്. ഇത് പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറയ്ക്കുന്നു. ജീവനക്കാരുടെ ക്ഷാമവും ഫണ്ടിന്റെ കുറവും പൊതുജനങ്ങളെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നു. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഉള്ള ജീവനക്കാർക്ക് വലിയ ജോലിഭാരമാണ്. കൂടാതെ, മരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവ വാങ്ങാനുള്ള ഫണ്ടിന്റെ കുറവ് കാരണം പല ചികിത്സകളും വൈകുന്നു. ഈ അവസ്ഥ പൊതുജനങ്ങളെ വലിയ സാമ്പത്തിക ബാധ്യത വരുത്തി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയകൾക്ക് പോലും ഉപകരണങ്ങളുടെ അഭാവം കാരണം കാലതാമസം നേരിടുന്നുണ്ടെന്നത് ഇപ്പോൾ ഏവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. രോഗികളോട് സ്വന്തമായി സ്റ്റെന്റ്, കാർഡിയോളജി ഉപകരണങ്ങൾ എന്നിവ പുറത്ത് നിന്ന് വാങ്ങാൻ ആവശ്യപ്പെടുന്ന സാഹചര്യങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
ആരോഗ്യ മന്ത്രിയുടെ തുടർച്ചയായ അവഗണനയ്ക്ക് ശേഷമാണ് മുതിർന്ന ഡോക്ടർ വിസിൽ ബ്ലോവറായി മാറിയത് ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ തുറന്നുകാട്ടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകൾ തിരികൊളുത്തിയിരിക്കുന്നത് വലിയ ഒരു വിവാദത്തിലേക്കാണ്. മന്ത്രിയടക്കമുള്ളവരുടെ തുടർച്ചയായ അവഗണനയാണ് തനിക്ക് ഈ തുറന്നുപറച്ചിലിന് പ്രേരണയായതെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. ഉപകരണങ്ങളുടെ കുറവും ചികിത്സാ കാലതാമസവും കാരണം രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയും സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമായി ഇത് ഉയർത്തിക്കാട്ടുകയും ചെയ്തു. ഈ വിഷയത്തെ നേരിടാൻ പല കണക്കുകളുമായി സർക്കാരെത്തിയെങ്കിലും അതൊക്കെയും ജനങ്ങളെ ബോധ്യപ്പെടുത്താൻ പാകത്തിലുള്ളവയായിരുന്നില്ല.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ആരോഗ്യ മേഖലയ്ക്കുള്ള ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്.
മെഡിക്കൽ കോളേജുകൾക്ക് അനുവദിച്ച തുകയിൽ 146 കോടി രൂപ വെട്ടിക്കുറച്ചതായും, ഇത് ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളെയും മരുന്ന്, ഉപകരണങ്ങൾ എന്നിവയുടെ ലഭ്യതയെയും പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കാരുണ്യ പദ്ധതി ഉൾപ്പെടെയുള്ളവയുടെ കുടിശ്ശിക വലിയ തോതിലാണ്. ഇത് മരുന്ന് കമ്പനികൾ ഉൾപ്പെടെയുള്ള വിതരണക്കാർക്ക് പണം ലഭിക്കാത്ത അവസ്ഥയും മരുന്ന് ലഭ്യത കുറയുന്നതിനും കാരണമാകുന്നു. മന്ത്രിമാർ പലരും ചെയ്യേണ്ട ജോലികൾ ചെയ്യാതെ പിആർ വർക്കുകളിൽ അഭിരമിക്കുകയാണ്.
ആരോഗ്യ വകുപ്പും ആരോഗ്യ മന്ത്രിയും യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, പി.ആർ. പ്രവർത്തനങ്ങളിലും പ്രചാരണങ്ങളിലും മാത്രമാണ് ശ്രദ്ധ ചെലുത്തുന്നതെന്ന വിമർശനം വ്യാപകമാണ്.
പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും അതിന്റെ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നതല്ലാതെ, നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആരോഗ്യ മേഖലയിലെ ഗുരുതരമായ വിഷയങ്ങളെക്കുറിച്ച് മുതിർന്ന ഡോക്ടർമാർ തുറന്നുപറഞ്ഞപ്പോൾ പോലും, അത് നിസാരവൽക്കരിക്കാനാണ് അധികാരികൾ ശ്രമിച്ചതെന്നും ആരോപണമുയർന്നിരുന്നു. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകത് മാത്രമാണ് നവീകരണമെന്നാണ് സർക്കാർ കരുതിയിരിക്കുന്നത് എന്നു വേണം കരുതാൻ. മതിയായ ജീവനക്കാരില്ലാതെ കെട്ടിടങ്ങൾ നോക്കുകുത്തികളാകുന്നു. പല സർക്കാർ ആശുപത്രികളിലും പുതിയ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നുണ്ടെങ്കിലും, അവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നില്ല. കെട്ടിടങ്ങൾ മാത്രം ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും, അവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും അത്യാധുനിക ഉപകരണങ്ങളും വേണമെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ജീവനക്കാരില്ലാത്ത കെട്ടിടങ്ങൾ വെള്ളാനകളായി മാറുന്നുവെന്നും ഇത് പൊതു ഖജനാവിന് ഭാരമാകുന്നുവെന്നും വിമർശനമുണ്ട്. ഈ വിഷയങ്ങളെല്ലാം ചേർന്ന് കേരളത്തിന്റെ ആരോഗ്യ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നാണ് നിലവിലെ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് എൽഡിഎഫിന് കീറാമുട്ടിയാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പിആർ വർക്കുകൾക്ക് ജനങ്ങളെ പൂർണമായും മണ്ടന്മാരാക്കാൻ കഴിയുകയുമില്ല.