ഇടതടവില്ലാത്ത മഴയും മലനിരകളെ മൂടുന്ന മഞ്ഞും അവഗണിച്ച് ധരംശാലയിലെ മക്‌ലിയോഡ്ഗഞ്ച് ആഘോഷത്തിലാണ്. ആറ് നൂറ്റാണ്ട് പിന്നിട്ട ആധ്യാത്മിക പ്രസ്ഥാനത്തിന്റെ പുതിയ അമരക്കാരനെ, 15–ാം ദലൈലാമയെ കാത്ത് ലോകത്തിന്റെ പല കോണുകളിൽനിന്നുള്ള ആയിരങ്ങൾ ഇവിടെ ഒത്തുചേർന്നിരിക്കുന്നു. ടിബറ്റൻ ബുദ്ധമത നേതാവ് ദലൈലാമ തന്റെ 90–ാം ജന്മദിനാഘോഷത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മാസം ആറിനാണ് അദ്ദേഹത്തിന്റെ ജന്മദിനം; ടിബറ്റൻ കലണ്ടർ അനുസരിച്ച് ഇക്കഴിഞ്ഞ തിങ്കൾ.
നൂറിലധികം സന്യാസിമാർ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിന് ഇന്നു തുടക്കമാകും. ദലൈലാമയുടെ വിഡിയോ സന്ദേശം സമ്മേളനത്തിൽ പ്രദർശിപ്പിക്കും. 1959 ൽ ടിബറ്റിൽനിന്ന് ഇന്ത്യയിൽ അഭയം നേടിയെത്തി ധരംശാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദലൈലാമയുടെ പിൻഗാമി ആരെന്നറിയാൻ ചൈനയും കാത്തിരിക്കുകയാണ്. പുതിയ ലാമയെ തങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ടിബറ്റ് കയ്യടക്കിയ ചൈനയുടെ നിലപാട്. അത് അംഗീകരിക്കില്ലെന്ന് ദലൈലാമ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കു പിൻഗാമികളുണ്ടാകില്ലെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന ദലൈലാമ പിന്നീട് മനസ്സുമാറ്റുകയായിരുന്നു. പുതിയ പുസ്തകത്തിൽ ഇതു സംബന്ധിച്ചു നൽകിയ സൂചനയിൽ അദ്ദേഹം കഴിഞ്ഞ ദിവസം അനുയായികളെ അഭിസംബോധന ചെയ്തപ്പോൾ കൂടുതൽ വ്യക്തത വരുത്തി. ‘സ്വതന്ത്രമായ ദേശത്തു’ നിന്നാകും പുതിയ ലാമ എന്നായിരുന്നു വിശദീകരണം.
പുതിയ ദലൈലാമയെ നിശ്ചയിക്കാനും അവരോധിക്കാനും ഒരു നടപടിക്രമം ആവശ്യമാണെന്നും അതേക്കുറിച്ചായിരിക്കും ചർച്ചകളെന്നും അദ്ദേഹം വ്യക്തമാക്കി. 1935 ൽ ടിബറ്റിലെ ലാമോ ധൊൻദപ് ഗ്രാമത്തിൽ ജനിച്ച ദലൈലാമയുടെ പൂർവാശ്രമത്തിലെ പേര് ടെൻസിൻ ഗ്യാറ്റ്സോ എന്നാണ്. ടിബറ്റൻ ബുദ്ധിസത്തിന്റെ പരമോന്നത നേതാവും ടിബറ്റിന്റെ അധികാരിയുമാണ് ദലൈലാമയെങ്കിലും 2011 ൽ തിരഞ്ഞെടുക്കപ്പെട്ട പ്രവാസസർക്കാരിന് ഭരണച്ചുമതല കൈമാറി അദ്ദേഹം കീഴ്‌വഴക്കം ലംഘിച്ചിരുന്നു. 1989 ൽ സമാധാനത്തിനുള്ള നൊബേലിന് അർഹനായി.
ദലൈലാമമാരെ അവതാര പുരുഷൻമാരായാണ് അനുയായികൾ കണക്കാക്കുന്നത്. ദേശ വ്യത്യാസങ്ങൾ മറന്നു വൻ ജനാവലിയാണ് ധരംശാലയിൽ ഒത്തുകൂടിയിരിക്കുന്നത്. തവിട്ടും മഞ്ഞയും കലർന്ന ടിബറ്റൻ സന്യാസവസ്ത്രങ്ങൾ അണിഞ്ഞവരെപ്പോലെ മറ്റു വേഷക്കാരും ധാരാളം. പുതിയ നേതാവ് സ്ഥാനമേൽക്കുമെങ്കിലും നിലവിലെ ലാമ, അദ്ദേഹം പ്രവചിച്ചതുപോലെ 113 വയസ്സുവരെ ജീവിക്കുമെന്നാണ് അനുയായികളുടെ വിശ്വാസം. അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാർഥന നടത്തുന്നത്.