ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാൻ ലോകരാജ്യങ്ങളുടെ സമ്മർദ്ദം ഏറുമ്പോൾ ഗാസ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ ആക്രമണം. ബോംബാക്രമണത്തിൽ 95 പലസ്തീനികൾ കൊല്ലപ്പെട്ടു. മുൻപു നടന്ന ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സ്‌കൂളുകളിൽ അഭയം തേടിയവരും ഭക്ഷണമുൾപ്പെടെയുളള സഹായം തേടിയിറങ്ങിയവരുമാണ് ഇന്നലെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് പരുക്കുപറ്റി.
വെടിനിർത്തൽ നടപ്പിലാക്കാൻ ഇസ്രയേലിനു ലോകരാജ്യങ്ങളുടെ സമ്മർദ്ദം ഏറുന്ന സാഹചര്യത്തിലാണ് ഗാസയിലെ ആക്രമണം ഇസ്രയേൽ കടുപ്പിച്ചിരിക്കുന്നത്. ഗാസ സിറ്റിയിലും കടൽത്തീരത്തുളള ഒരു കഫേയിലുമാണ് ഇന്നലെ ഇസ്രയേൽ ആക്രമണമുണ്ടായത്. ഗാസ സിറ്റിയിൽ 62 പേരും കഫേയിൽ 30 പേരുമാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
അതേസമയം ഇന്റർനെറ്റ് സൗകര്യമുൾപ്പെടെ വാഗ്ദാനം ചെയ്തിരുന്ന സ്ഥമായിരുന്നു കഫേ. ആയിരക്കണക്കിനു പേർ അഭയം തേടിയ മധ്യ ഗാസയിലെ ദെയ്ർ എൽ ബലായിലെ അൽ അഖ്‌സ ആശുപത്രിക്ക് മുന്നിലും ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. തെക്കൻ ഗാസയിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയുളള ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി കാത്തുനിന്ന പലസ്തീനികളും ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
2023 ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ തുടർച്ചയായി നടത്തുന്ന വംശഹത്യയിൽ 56,531 പേർ മരണപ്പെട്ടു. 1,33,642 പേർക്ക് പരുക്കേറ്റതായും പലസ്തീൻ വാർത്താ ഏജൻസിയായ WAFA റിപ്പോർട്ട് ചെയ്തു. 2025 മാർച്ച് മുതൽ 6,203 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും 21,601 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.