ബെർലിൻ: സഹപൈലറ്റ് കുഴഞ്ഞുവീണതിനെത്തുടർന്ന് ലുഫ്താൻസ വിമാനം പത്തുമിനിറ്റ് തനിയെ പറന്നതായി കണ്ടെത്തൽ. 2024 ഫെബ്രുവരി 17 നാണ് സംഭവം. ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽനിന്ന് സ്പെയിനിലെ സെവിലിലേക്ക് പോവുകയായിരുന്ന ലുഫ്താൻസയുടെ എയർബസ് 321 ആണ് അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
സ്പാനിഷ് അന്വേഷണ ഏജൻസിയായ സിഐഎഐഎസിയുടേതാണ് കണ്ടെത്തൽ. 199 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ കുഴഞ്ഞുവീണ പൈലറ്റ് മാത്രമേ കോക്ക്പിറ്റിലുണ്ടായിരുന്നുള്ളൂ. ക്യാപ്റ്റൻ ശൗചാലയത്തിലായിരുന്നു.
അർധബോധാവസ്ഥയിലായിട്ടും സഹപൈലറ്റ് നിയന്ത്രണം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റിയതിനാലാണ് വിമാനത്തിന് അപകടം കൂടാതെ പറക്കാനായതെന്ന് റിപ്പോർട്ടിൽ പറയുന്നു.