തിരുവനന്തപുരം: സീനിയർ അഭിഭാഷകന്റെ ക്രൂരമായ മർദനത്തിന് ഇരയായ യുവ അഭിഭാഷക ശ്യാമിലി, ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. അഭിഭാഷകരുടെ വാട്‌സാപ് ഗ്രൂപ്പിലാണ് ശ്യാമിലിയുടെ പ്രതികരണം. വിഷയത്തിൽ സഹപ്രവർത്തകർ തന്റെ കൂടെ നിൽക്കില്ലെന്ന് പൂർണ ബോധ്യമായെന്ന് ശ്യാമിലി പറയുന്നു. അതുപോലെ തനിക്കൊപ്പം കേരള ജനതയുണ്ടെന്നും ഏത് കൊടികുത്തി വാഴുന്ന സീനിയർ എനിക്കെതിരെ തിരിഞ്ഞാലും എന്റെ രോമത്തിൽ തൊടാൻ കഴിയില്ലെന്നും ശ്യാമിലി പറയുന്നു. കൂടാതെ ഇക്കാര്യത്തിൽ തനിക്കൊതിരെ നടപടിയുണ്ടായാലും പറഞ്ഞതിൽ ഒരു മാറ്റവും ഇല്ലെന്നും ശ്യാമിലി സന്ദേശത്തിൽ പറയുന്നു.
ശ്യാമിലി അഭിഭാഷകരുടെ വാട്‌സാപ് ഗ്രൂപ്പിൽ അയച്ച സന്ദേശം ഇങ്ങനെ:
‘‘ബാർ അസോസിയേഷനിൽ പലരും എനിക്കു വേണ്ടി സംസാരിക്കുന്നുണ്ടെന്ന് അറിയാം. നിങ്ങളോട് ഒരുപാട് നന്ദിയുണ്ട്. പക്ഷേ അതിലുപരി, കാര്യം എന്താണെന്നു പോലും അറിയാതെ പലരും തെറ്റായ പ്രചാരണം നടത്തുകയാണ്. ഞാൻ തുണി പിടിച്ചുവലിച്ചു എന്നുവരെ പറയുന്നു. ഇതുവരെ കേൾക്കാത്ത കാര്യമാണ്. ഇത്രയും കുറ്റപ്പെടുത്താൻ ഞാൻ എന്തു തെറ്റ് ചെയ്തുവെന്ന് അറിയില്ല. തെളിവ് എന്റെ മുഖത്തുണ്ട്. സഹപ്രവത്തകർ കൂടെ നിൽക്കില്ലെന്ന് പൂർണബോധ്യമായി. ഇതുവരെ ഞാൻ ബാർ അസോസിയേഷനോ സെക്രട്ടറിക്കോ എതിരായി മനഃപൂർവം സത്യസന്ധമല്ലാത്ത യാതൊരു കാര്യവും പറഞ്ഞിട്ടില്ല. കേസിനെതിരെ എന്തു നിലപാടും എടുത്തോട്ടെ. ഇനി പ്രതിയെ വെറുതെ വിട്ടാലും കുഴപ്പമില്ല. എനിക്കു നീതി കിട്ടിക്കഴിഞ്ഞു.’’
‘‘നാളെ നിങ്ങളുടെ വീട്ടിലുള്ളവർക്കോ നിങ്ങളുടെ മക്കൾക്കോ സഹോദരിമാർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ. എന്റെ സ്ഥാനത്ത് നിങ്ങളുടെ ആരെങ്കിലും വന്നാലെ ഈ അവസ്ഥ മനസ്സിലാകൂ. ഇതിപ്പോൾ എന്റെ കാലു കൊണ്ട് ഞാൻ എന്റെ മുഖത്തടിച്ചതുപോലെയാണ് പലരുടെയും അഭിപ്രായം. എനിക്കെതിരെ നടക്കുന്ന കാര്യങ്ങൾ ഇന്നാണ് ഞാൻ കൂടുതൽ അറിയുന്നത്. ഇക്കാര്യങ്ങൾ മാധ്യമങ്ങളെയും സമൂഹത്തെയും അറിയിക്കും. ഇപ്പോൾ സഹപ്രവർത്തകർ കൂടെ നിൽക്കുന്നില്ല. കേരളജനതയാണ് ഒപ്പമുള്ളത്. എന്താണ് ഇതിനകത്തു നടക്കുന്നതെന്ന് അവർ അറിയട്ടെ. മാധ്യമങ്ങളാണ് എന്നെ സഹായിക്കുന്നതെങ്കിൽ ഞാൻ അവർക്ക് ഒപ്പം തന്നെയാണ്. അതിൽ ഇനി ഏത് കൊടികുത്തി വാഴുന്ന സീനിയർ എനിക്കെതിരെ തിരിഞ്ഞാലും എന്റെ രോമത്തിൽ തൊടാൻ കഴിയില്ല. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എനിക്കെതിരെ കേസ് എടുക്കുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്താൽ പോലും പറഞ്ഞതിൽ ഒരു മാറ്റവും ഇല്ല’’.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശ്യാമിലിയെ മർദിച്ച ബെയ്‌ലിൻ ദാസിനെ കസ്റ്റഡിയിൽ എടുക്കാനെത്തിയ പോലീസുകാരെ ബാർ അസോസിയേഷൻ ഭാരവാഹികൾ തടഞ്ഞിരുന്നുവെന്ന് ശ്യാമിലി മാധ്യമങ്ങളോടു പറഞ്ഞതിനെതിരെ കടുത്ത അതൃപ്തിയാണ് നേതാക്കൾക്കുള്ളത്. ഇതിന്റെ ഭാഗമായി ശ്യാമിലിയെ ഒറ്റപ്പെടുത്തുന്ന നിലപാടുകൾ പലരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.
മാത്രമല്ല ബെയ്‌ലിനെ രക്ഷിക്കാനായി പ്രശ്‌നം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. എന്നാൽ ശ്യാമിലി ശക്തമായ നിലപാട് സ്വീകരിക്കുകയും പൊതുസമൂഹത്തിൽനിന്ന് വലിയ പിന്തുണ ഉണ്ടാകുകയും ചെയ്തതോടെയാണ് ബെയ്‌ലിന്റെ അറസ്റ്റിലേക്കും റിമാൻഡിലേക്കും കാര്യങ്ങൾ എത്തിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ബെയ്ലിനെ ഈ മാസം 27 വരേക്കും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.