ന്യൂഡൽഹി: ചർച്ചകളൊന്നും ഫലം കണ്ടില്ല, ആരാധകരുടെ ആവശ്യവും പരിഗണക്കപ്പെട്ടില്ല, ഒന്നര പതിറ്റാണ്ടോളം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായി നിലനിന്ന സൂപ്പർതാരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ശരിവച്ചാണ് കോലിയുടെ വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേട്ടത്തോടെ ട്വന്റി20 ക്രിക്കറ്റിനോടും വിട പറഞ്ഞ 37കാരനായ വിരാട് കോലിയെ ഇനി രാജ്യാന്തര ക്രിക്കറ്റിൽ കാണാനാകുക ഏകദിന ക്രിക്കറ്റിൽ മാത്രം.
രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനു പിന്നാലെ കോലിയും വിരമിക്കാൻ പോകുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ കോലിയുടെ തീരുമാനത്തെ എതിർത്തുകൊണ്ട് പ്രമുഖ താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. തീരുമാനത്തിൽ നിന്ന് പിന്മാറാൻ ബിസിസിഐയിലെ ഒരു പ്രമുഖൻ കോലിമായി ചർച്ചയും നടത്തിയിരുന്നു.
അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പയ്ക്കുള്ള ടീം പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ്, കോലിയുടെ വിരമിക്കൽ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്കു പിന്നാലെ കോലി കൂടി വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ച് ഇതൊരു യുഗാന്ത്യം കൂടിയാണ്.
ഒന്നര പതിറ്റാണ്ടോളം നീളുന്ന കരിയറിന്, സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് കോലി വിരാമമിട്ടത്. ഇന്ത്യയ്ക്കായി 123 ടെസ്റ്റുകൾ കളിച്ച കോലി, അതിൽ 68 എണ്ണത്തിലും ടീമിന്റെ നായകനായിരുന്നു. ഇത്രയും മത്സരങ്ങളിൽനിന്ന് 46.85 ശരാശരിയിൽ 9230 റൺസാണ് കോലി അടിച്ചുകൂട്ടിയത്.
View this post on Instagram
.