കാബൂൾ: ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന പാക് അവകാശവാദം തള്ളി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം. അഫ്ഗാനിസ്ഥാനെ ഇന്ത്യ ആക്രമിച്ചെന്ന പാകിസ്താൻ വാദം തെറ്റെന്ന് താലിബാൻ അറിയിച്ചു. അഫ്ഗാൻ മണ്ണിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് അഫ്ഗാൻ പാകിസ്താന് മറുപടി നൽകി. ആരാണ് അതിർത്തി ലംഘിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ശത്രുവിനെയും മിത്രത്തെയും കണ്ടാൽ തങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമെന്നും അഫ്‌ഗാനിസ്ഥാൻ പറഞ്ഞു.
ഇന്ത്യൻ മിസൈലുകൾ അഫ്ഗാൻ മണ്ണിൽ പതിച്ചുവെന്ന പാക് വാദത്തെ അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖ്വാരിസ്മി ശക്തമായി നിഷേധിച്ചു. അത്തരം ആരോപണങ്ങൾക്ക് വിശ്വാസ്യതയില്ലെന്ന് പറഞ്ഞു. അത്തരം അവകാശവാദങ്ങളിൽ സത്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനെ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ മിസൈൽ ആക്രമണം അഫ്ഗാൻ പ്രദേശത്തേക്കും വ്യാപിച്ചതായി പാക് സൈനിക വൃത്തങ്ങൾ ആരോപിച്ചതിന് പിന്നാലെയാണ് മറുപടിയുമായി അഫ്‌ഗാൻ രംഗത്തെത്തിയത്.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പാകിസ്താന്റെ ആരോപണങ്ങൾ തള്ളി. അഫ്ഗാനിസ്ഥാന് തങ്ങളുടെ സഖ്യകക്ഷികളും എതിരാളികളും ആരാണെന്ന് നന്നായി അറിയാമെന്ന് ഇന്ത്യ പറഞ്ഞു. തികച്ചും ബാലിശമായ ആരോപണം, കഴിഞ്ഞ ഒന്നര വർഷത്തിനിടെ പലതവണ അഫ്ഗാനിസ്ഥാനിലെ സിവിലിയൻ ജനതയെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയ രാജ്യത്തെക്കുറിച്ച് അഫ്ഗാൻ ജനതയെ ഓർമ്മിപ്പിക്കേണ്ടതില്ലെന്ന് ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.