മുംബൈ: ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്ത യുവതിയെ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്നു കൊലപ്പെടുത്തിയതായി പരാതി. ഉത്തരമഹാരാഷ്ട്ര ജൽഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഭർത്താവും കുടുംബാംഗങ്ങളും ഒളിവിൽ പോയി.
സംഭവം ഇങ്ങനെ- ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി അടുക്കളയിൽ എത്തിയ യുവതിയോട് ഇരുവരും മോശമായി പെരുമാറി. പിന്നീട് അതു തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. തുടർന്നു യുവതിയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സാരിത്തുമ്പിൽ കെട്ടിത്തൂക്കിയെന്നും സ്ത്രീധനത്തിന്റെ പേരിൽ യുവതി മുൻപും പീഡനം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
അതേസമയം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി. അതിനിടെ, ഭർത്താവിന്റെ കുടുംബത്തിനെതിരെ കേസെടുക്കാൻ വിസമ്മതിച്ച പോലീസിനെതിരെയും പ്രതിഷേധം ഉയർന്നു. കേസെടുക്കാത്ത പക്ഷം മൃതദേഹം സംസ്കരിക്കില്ലെന്നു വ്യക്തമാക്കിയ യുവതിയുടെ കുടുംബാംഗങ്ങൾ പോലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരിപ്പു സമരം ആരംഭിച്ചു. ഇതോടെയാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. മരിച്ച യുവതിക്ക് 7 ഉം 5 ഉം വയസുള്ള മക്കളുണ്ട്.