വരിക്കാശ്ശേരി മനയിലെത്തി ചിത്രങ്ങളെടുക്കണം. നല്ല കുറച്ച് റീൽസ് ചെയ്യണം. ഉറങ്ങിക്കിടന്ന മകനേയുമെടുത്ത് നടന്നു നീങ്ങുമ്പോൾ അഞ്ജുവിന്റെ ആഗ്രഹം. എന്നിട്ടു ബന്ധുവിൻറെ വിവാഹച്ചടങ്ങിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കണം… പലതും മുൻകൂട്ടി മനസിലുറപ്പിച്ചായിരുന്നു ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെയും കൂട്ടുകാരിയെയും കൂട്ടിയുള്ള ആ യാത്ര. എന്നാൽ ആഗ്രഹങ്ങളെല്ലാം പാതിവഴിയിൽ അവസാനിപ്പിച്ച് അഞ്ചുവും രണ്ട് വയസുകാരൻ മകനും ഉറ്റവരെ കണ്ണീരിലാഴ്ത്തി കാണാമറയത്തേക്ക് യാത്രയായി.
ഇന്നലെയാണ് പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് ശരത്തിന്റെ ഭാര്യ അഞ്ജു (26), മകൻ ശ്രിയാൻ ശരത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്.
വീട്ടിൽ നിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിലെത്തിയപ്പോൾ പെട്ടെന്നു പുറകിൽ നിന്നും വന്ന വാഹനത്തിൻറെ ഹോണടിയിൽ അഞ്ജുവിൻറെ ശ്രദ്ധമാറിയതാണ് അത്യാഹിതത്തിന് ഇടയാക്കിയതെന്നാണ് കൂടെയുണ്ടായിരുന്ന കൂട്ടുകാരി പറയുന്നു. അഞ്ജു പിന്നിലേക്ക് തിരിഞ്ഞ് നോക്കിയതോടെ സ്കൂട്ടറിൻറെ നിയന്ത്രണം വിട്ടു. ഇടത് ഭാഗത്തേക്ക് വാഹനം മറിഞ്ഞു. അതിവേഗം പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുത്തനുടുപ്പിട്ട് കുഞ്ഞ് ശ്രിയാനേയും കൊഞ്ചിച്ച് വൈറൽ ചിത്രങ്ങളെടുക്കാമെന്ന് മോഹിച്ച യാത്ര ഒടുവിൽ മരണത്തിലാണ് അവസാനിച്ചത്.
പാലക്കാട് ഭാഗത്ത് നിന്നും ഒറ്റപ്പാലത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. നിയന്ത്രണം വിട്ട സ്കൂട്ടർ പിന്നീട് റോഡിനോട് ചേർന്ന് കൂട്ടിയിട്ടിരുന്ന പൈപ്പിൽ ഇടിച്ചാണ് നിന്നത്. അപകടത്തിന് പിന്നാലെ ഇരുവരെയും കല്ലേക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട വാഹനത്തിന് പിന്നിലുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്കും വീഴ്ചയിൽ നിസാര പരുക്കേറ്റു
നാട്ടിലെ ആഘോഷങ്ങളിലും, ക്ഷേത്രോൽസവങ്ങളിലുമെല്ലാം മുൻനിരയിലുണ്ടാവും അഞ്ജു. ആവേശം നിറച്ച് ചിത്രങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ച് നൽകി അടുത്ത ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവരെയും പ്രേരിപ്പിക്കും. ജീവിതത്തിൽ നിറയെ ചിരിച്ചും മറ്റുള്ളവരെ ചിരിക്കാൻ പ്രേരിപ്പിച്ചും നീങ്ങുന്ന ഊർജമായിരുന്നു നാട്ടുകാർക്ക് അഞ്ജുവെന്ന് പലരും ഓർത്തെടുക്കുന്നു. നൃത്തവും, പാട്ടും, പാചകവുമെല്ലാം ഹരമാക്കിയ അഞ്ജു മകനെയും അതേപാതയിൽ കൊണ്ടുവരാൻ ഇതിനകം ശ്രമം തുടങ്ങിയിരുന്നു. കുഞ്ഞുങ്ങൾ കളിച്ച്, രസിച്ച് വളരണം അതായിരുന്നു അഞ്ജുവിന്റെ തത്വം.