vകണ്ണൂർ: താൻ വേട്ടയാടപ്പെട്ട ഇരയാണ് എന്ന് സൂചിപ്പിക്കുന്ന വീഡിയോ സന്ദേശവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. ഈസ്റ്റർ ദിനത്തിൽ പങ്കുവെച്ച ആശംസാ വീഡിയോയിലാണ് പിപി ദിവ്യ ഇക്കാര്യം സൂചിപ്പിക്കുന്നത്. നീതിമാനായതുകൊണ്ടാണ് ക്രിസ്തുവിനെ കുരിശിലേറ്റിയത്. സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാരന്റേതാണെന്നും പിപി ദിവ്യ വീഡിയോയിൽ പറയുന്നു. വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാൽ ഞായറാഴ്ച ഉയിർത്തെഴുന്നേൽക്കുമെന്നും പിപി ദിവ്യ പറഞ്ഞു.പൊതുസമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് കഴിഞ്ഞ കുറച്ചുകാലങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ കൂടിയും യൂട്യൂബ് ചാനലിൽ കൂടിയും പ്രതികരണം നടത്തുന്നുണ്ട്. സമാനമായാണ് ഇപ്പോൾ ഈസ്റ്റർ ദിന സന്ദേശവും പി.പി. ദിന്യ പങ്കുവെച്ചിരിക്കുന്നത്. എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന ആരോപണങ്ങളുടെയും നിയമനടപടികളുടെയും പശ്ചാത്തലത്തിലാണ് ദിവ്യയുടെ വീഡിയോ.
വീഡിയോയിൽ പിപി ദിവ്യ പറഞ്ഞത്:
എല്ലാവർക്കും നമസ്കാരം, ഈസ്റ്റർ ആശംസകൾ.
നമുക്ക് ചില സന്തേഷങ്ങളാണ് പെസഹവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ നൽകുന്നത്. ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്ന ലളിതമായ സത്യം തിന്‍മയുടെ മേൽ അവസാനത്തെ ജയം നന്മയ്ക്കായിരിക്കുമെന്നാണ്. നിസ്വാർത്ഥരായ മനുഷ്യർക്ക് വേണ്ടി ചോദ്യങ്ങൾ ഉയർത്തിയതിനാലാണ് യേശുവിന് കുരിശുമരണം വിധിക്കപ്പെട്ടത്. വാക്കിലോ പ്രവൃത്തിയിലോ മനോഭാവത്തിലോ തെറ്റൊന്നും ചെയ്യാത്തവനായിരുന്നു യേശു. എല്ലാവരുടേയും നന്മമാത്രം ആഗ്രഹിച്ചിരുന്നവൻ. നെറികേടുകണ്ടാൽ ചാട്ടവാറെടുത്ത നീതിമാനായിരുന്നു അദ്ദേഹം. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് ഉറക്കെപ്പറഞ്ഞ മനുഷ്യസ്നേഹി. എന്നിട്ടും മതമേലധ്യക്ഷന്മാരും ഭരണകൂടവും അവനെതിരായി നിന്നു. തെറ്റായ ആരോപണമുന്നയിച്ച് ക്രൂശിച്ചുകൊന്നു. ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തത്. ഒപ്പം നടന്നവരായിരുന്നു കല്ലെറിഞ്ഞത്.
എത്ര സത്യസന്ധമായി ജീവിച്ചാൽ പോലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയും. എങ്കിലും നമ്മുടെ ജീവിതം സത്യസന്ധമാണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ഏത് പാതാളത്തിലാണെങ്കിലും കുതിച്ചുയർന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന സന്ദേശമാണ് ഈസ്റ്റർ നൽകുന്നത്.
ഇരയുടെ വേദന തിരിച്ചറിയാത്തിടത്തോളം കാലം സമൂഹത്തിന്റെ മനസ്സ് എന്നും വേട്ടക്കാരന്റേത് തന്നെയാണ്. നമുക്കൊരു പതനം ഉണ്ടാകുമ്പോൾ കൂടെ ആരൊക്കെ ഉണ്ടാകുമെന്ന തിരിച്ചറിവും ഈ അവസരത്തിൽ നമുക്ക് പാഠമാകും.
മുൾക്കിരീടമണിയുമ്പോഴും കുരിശിലേറ്റുമ്പോഴും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുമെന്നറിഞ്ഞുകൊണ്ടുതന്നെ വിധി ഏറ്റുവാങ്ങിയിട്ടുള്ള നന്മയുടേയും സ്നേഹത്തിന്റേയും നായകൻ നമ്മെ പഠിപ്പിക്കുന്നത് നിലപാടുകൾക്ക് മുൾക്കിരീടമണിയേണ്ടി വന്നാലും കുരിശുമരണം വിധിച്ചാൽ ഒരുനാൾ ഉയിർത്തെഴുന്നേൽക്കുകതന്നെ ചെയ്യും എന്നാണ്. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിന്റെ ദിനം വരികതന്നെ ചെയ്യും. വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാൽ അത് ഞായറാഴ്ച ഉയിർത്തെഴുന്നേക്കും. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.