കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അ്റസ്റ്റിൽ. ഇന്ന് നോർത്ത് പോലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരം കേസെടുത്തു. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. അതേസമയം ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്നു ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. കൂടാതെ ഷൈനിന്റെ ഫോണിൽനിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും വിവരമുണ്ട്. നടനു സ്റ്റേഷൻ ജാമ്യം ലഭിക്കും.
അതേസമയം രാസലഹരി ഉപയോഗിക്കാറില്ലെന്നായിരുന്നു ഷൈൻ പോലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ നടൻ പതറി പോയെന്നാണ് വിവരം. ഷൈൻ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവ ഔദ്യോഗികമായി കോടതിക്ക് മുൻപിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.
മാത്രമല്ല ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഗൂഢാലോചന നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡാൻസാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരനായ സജീറിനെ അറിയാമെന്നും ഷൈൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം വൈദ്യപരിശോധനയ്ക്കായി നടനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. ഷൈനിന്റെ രക്തവും നഖവും മുടിയും പരിശോധിക്കും. നടന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും പോലീസ് വ്യക്തമാക്കി.
തന്നെ തേടി ഹോട്ടലിലെത്തിയത് പോലീസാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പിറ്റേന്ന് രാവിലെ മാത്രമാണ് ഡാൻസാഫ് സംഘമായിരുന്നു എത്തിയതെന്ന് അറിഞ്ഞതെന്നുമാണ് നടൻ മൊഴി നൽകിയത്. പോലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നു. തന്നെ ആക്രമിക്കാൻ ആരോ വന്നെന്ന് പേടിച്ചാണ് ഓടിയത്. താൻ രാസലഹരികൾ ഉപയോഗിക്കാറില്ല. ലഹരി ഇടപാടുകാരുമായി ബന്ധമില്ലെന്നും നടൻ പോലീസിനോട് പറഞ്ഞു.