പത്തനംതിട്ട ∙ കോവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. 108 ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 1,08,000 രൂപ പിഴയും അടയ്ക്കണം. നൗഫൽ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ബലാത്സംഗം , തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.
നാലര വർഷമായി വിചാരണത്തടവിലുള്ള ഇയാൾ മുൻപും വധശ്രമക്കേസിൽ പ്രതിയാണ്.2020 സെപ്റ്റംബർ 5ന് അർധരാത്രിയിലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം. അടൂർ ജനറൽ ആശുപത്രിയിൽനിന്ന് പന്തളത്തെ കോവിഡ് കെയർ സെന്ററിലേക്ക് പോകുന്നതിനിടെ ആറന്മുളയിൽ വച്ചാണ് യുവതിയെ ഡ്രൈവർ പീഡിപ്പിച്ചത്. കോവിഡ് പോസിറ്റീവായ മറ്റൊരു സ്ത്രീയും ആംബുലൻസിലുണ്ടായിരുന്നു. പന്തളത്ത് പെൺകുട്ടിയെ ഇറക്കിയശേഷം ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വിടാനായിരുന്നു നിർദേശം. എന്നാൽ, നൗഫൽ ആദ്യം കോഴഞ്ചേരിയിൽ സ്ത്രീയെ ഇറക്കി.
തുടർന്ന് ആറന്മുള നാൽക്കാലിക്കൽ പാലത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് ആംബുലൻസ് എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പന്തളത്തെ കോവിഡ് സെന്ററിൽ ഇറക്കിയശേഷം ഇയാൾ കടന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി.ഹരികൃഷ്ണൻ ഹാജരായി.