തൃശ്ശൂർ: കുഴൂരിൽ ആറുവയസുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പോലീസ്. ഓരോ തവണ ജീവിതത്തിലേക്കു പിടിച്ചുകയറാൻ ശ്രമിക്കുമ്പോഴും കുളത്തിലേക്കു തള്ളിയിട്ടു, ഒടുവിൽ മരണം ഉറപ്പാക്കി. ചാമ്പക്ക തരാമെന്നുപറഞ്ഞ് കുളത്തിനരികെ കൊണ്ടുപോയശേഷം കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പ്രതി ജിജോ പോലീസിന് മൊഴി നൽകിയതെന്നാണ് വിവരം. മുങ്ങിത്താഴുന്നതിനിടെ തിരികെക്കയറാൻ കുട്ടി ശ്രമിച്ചെങ്കിലും വീണ്ടും വീണ്ടും കുട്ടിയെ കുളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
അതേസമയം കുട്ടിയെ അന്വേഷിച്ചു കുളത്തിനരികിലേക്ക് തങ്ങൾ പോകുമ്പോഴൊക്കെ അതിൽനിന്ന് വഴിതിരിച്ചുവിടാനും പ്രതി ശ്രമിച്ചെന്ന് തിരച്ചലിൽ പങ്കെടുത്ത സമീപവാസികൾ പറയുന്നു. ഒടുവിൽ പോലീസ് ചോദ്യം ചെയ്തപ്പോൾ മാത്രമാണ് പ്രതി കുറ്റസമ്മതം നടത്തിയതെന്നും എന്നാൽ, പ്രതിക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും സ്റ്റേഷനിൽ ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
കുട്ടിയെ കാണാതായപ്പോൾ മുതൽ തിരച്ചിലിന് പ്രതി ജോജോയും ഉണ്ടായിരുന്നു. പാടത്തിനടുത്തുവരെ കുട്ടി വന്നു. കുട്ടിയെ തിരിച്ച് ഓടിച്ചുവിട്ടു എന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞത്. ബൈക്ക് മോഷണക്കേസില പ്രതിയാണ് ജോജോ. നാട്ടിൽ ചെറിയ കളവുകളൊക്കെ ചെയ്തിട്ടുണ്ട്. അതേസമയം കുളത്തിലേക്ക് ജോജോ കുട്ടിയെ രണ്ടുമൂന്ന് വട്ടം തള്ളിയിട്ടു എന്നാണ് പോലീസ് പറയുന്നത്. കുട്ടി കയറിവരാൻ നോക്കുമ്പോൾ വീണ്ടും തള്ളിയിട്ട്, അവസാനം ചവിട്ടിത്താഴ്ത്തി മരണം ഉറപ്പുവരുത്തി. കുളത്തിൽനിന്ന് കുറച്ചപ്പുറത്ത് മാറി ജാതിയുടെ മുകളിൽ കയറിയിരിക്കുമ്പോഴാണ് മറ്റൊരു കുട്ടി ജോജോയെ കാണുന്നത്. കുട്ടിയെ കണ്ടോ എന്ന് ചോദിച്ചപ്പോൾ, ഇല്ല ഞാൻ തിരിച്ചു പറഞ്ഞുവിട്ടു എന്നാണ് പ്രതി പറഞ്ഞത്, നാട്ടുകാർ പറയുന്നു. പ്രതി ജോജോ ഇവിടെവന്ന് ചൂണ്ട ഇടാറുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ചാമ്പക്ക കൊടുക്കാമെന്ന് പറഞ്ഞാണ് കുട്ടിയെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നതെന്നാണ് സൂചന. കുട്ടിയുടെ വീടിന്റെ തൊട്ടപ്പുറത്താണ് പ്രതി ജോജോയുടെ വീട്.
അതേസമയം എന്തിനായിരുന്നു കുട്ടിയെ കൊലപ്പെടുത്തിയത് എന്ന കാര്യം ആദ്യഘട്ടത്തിൽ പ്രതി പറഞ്ഞിരുന്നില്ല. കൂടാതെ മൊഴി ഇടക്കിടെ മാറ്റിപ്പറയുക മാത്രമായിരുന്നു പ്രതി ചെയ്തത്. കുട്ടി കുളത്തിൽ വീഴുന്നത് കണ്ടു എന്നായിരുന്നു ആദ്യം പ്രതി പറഞ്ഞത്. പിന്നീട്, കുട്ടിയുമായി തർക്കമുണ്ടായ കാര്യവും കുളത്തിലേക്ക് എടുത്തിട്ടു എന്ന കാര്യവും പ്രതി സമ്മതിച്ചു. അപ്പോഴും എന്തിനായിരുന്നു തർക്കം എന്ന കാര്യത്തിലൊന്നും വ്യക്തത ഉണ്ടായിരുന്നില്ല. പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാനുള്ള ശ്രമം ചെറുത്തതിനാൽ കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.
വ്യാഴാഴ്‌ച വൈകീട്ട് ആറോടെ കുട്ടിയെ കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് രാത്രി ഒൻപതിന് കുളത്തിൽനിന്ന് മൃതദേഹം കിട്ടിയത്. കാണാതാകുമ്പോൾ കുട്ടിക്കൊപ്പം പ്രതി ജോജയും ഉണ്ടായിരുന്നു. തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാനുള്ള ശ്രമം ചെറുത്തതിനാൽ കുളത്തിൽ മുക്കിക്കൊന്നതായി യുവാവ് മൊഴി നൽകിയതായി റൂറൽ എസ്‌പി ബി. കൃഷ്ണകുമാർ പറഞ്ഞു.