വയസ് എത്രയായാലും സ്റ്റംപിങ്ങിൽ ധോണിയെ വെല്ലാൻ ആരുമില്ലെന്ന് ഒരിക്കൽകൂടി തെളിഞ്ഞിരിക്കെയാണ്. ചെന്നൈ സൂപ്പർ കിങ്‌സ്- മുംബൈ ഇന്ത്യൻസ് പോരാട്ടത്തിലാണ് ആരാധകരെ അത്ഭുതപ്പെടുത്തി മഹേന്ദ്രസിങ് ധോണിയുടെ അത്ഭുത സ്റ്റംപിങ്. നൂർ അഹമ്മദ് എറിഞ്ഞ പതിനൊന്നാം ഓവറിലാണ് സംഭവം. ഒരു മികച്ച ഷോട്ട് കളിക്കാൻ വേണ്ടി സൂര്യകുമാർ യാദവ് ക്രീസിൽ നിന്ന് ഒരനക്കമേ മുന്നോട്ട് കയറിയിരുന്നുള്ളൂ, സൂര്യ കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് പന്ത് ധോണി കൈപ്പിടിയിലൊതുക്കുകയും അതിലേറെ വേഗത്തിൽ വിക്കറ്റിൽ കൈവയ്ക്കുകയും ചെയ്തു. ധോണിയുടെ റിഫ്ളക്സ് കണ്ട് അംപയറും സഹതാരങ്ങളും അത്ഭുതപ്പെടുകയും ചെയ്തു. മുംബൈ റിവ്യൂവിലേക്ക് കടന്നെങ്കിലും അംപയർ ഔട്ട് തന്നെ വിളിച്ചു. തുടക്കത്തിൽ അടിപതറിയ മുംബൈയെ സൂര്യ രക്ഷിച്ചെടുക്കുന്നതിനിടയിൽ ലഭിച്ച വിക്കറ്റ് ചെന്നൈയ്ക്കും അനുകൂലമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. 25 പന്തിൽ 31 റൺസെടുത്ത തിലക് വർമയാണ് മുംബൈ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (26 പന്തിൽ 29), ദീപക് ചാഹർ (15 പന്തിൽ 28), നമൻ ഥിർ (12 പന്തിൽ 17) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ.
സ്കോർ ബോർഡിൽ ഒരു റൺ ചേർക്കും മുൻപേ മുംബൈയ്ക്ക് സീനിയർ താരം രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായിരുന്നു. നാലു പന്തുകൾ നേരിട്ട രോഹിത് ശർമ ഖലീൽ അഹമ്മദിന്റെ പന്തിൽ ശിവം ദുബെ ക്യാച്ചെടുത്താണു പുറത്താകുന്നത്. കൃത്യമായ ഇടവേളകളിൽ മുംബൈ മുൻനിരയുടെ വിക്കറ്റുകൾ ചെന്നൈ ബോളർമാർ വീഴ്ത്തിയതോടെ റണ്ണൊഴുക്കിന്റെ വേഗത കുറഞ്ഞു.
ചെന്നൈയിലെ കളത്തിലിറങ്ങിയ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദ് അഴിഞ്ഞാടിയതോടെ മുംബൈ ശരിക്കും പ്രതിരോധത്തിലായി. സൂര്യകുമാർ യാദവ്, തിലക് വർമ, റോബിൻ മിൻസ്, നമൻ ഥിർ എന്നീ ബാറ്റർമാരെ നൂർ അഹമ്മദാണു മടക്കിയത്. നാലോവറുകൾ പന്തെറിഞ്ഞ അഫ്ഗാൻ സ്പിന്നർ 18 റൺസ് മാത്രമാണു വഴങ്ങിയത്. പേസർ ഖലീൽ അഹമ്മദ് മൂന്നു വിക്കറ്റുകളും വീഴ്ത്തി. പേസർ ജസ്പ്രീത് ബുമ്ര, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എന്നിവരില്ലാതെ ഇറങ്ങുന്ന മുംബൈയെ സൂര്യകുമാർ യാദവാണു നയിക്കുന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 7.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 78 എന്ന നിലയിലാണ്.
“Dhoni”🥰🥰🥰#wicked #CSKvsMI #MSDhoni𓃵 pic.twitter.com/4kBGnzisa6
— Bhupy (@bhupymax) March 23, 2025