കൊല്ലം: പ്രതി തേജസ് രാജ് വീട്ടിലേക്ക് എത്തിയതു പർദ ധരിച്ചെന്നു കൊല്ലപ്പെട്ട ഫെബിന്റെ അമ്മ ഡെയ്സി. “കോളിങ് ബെൽ അടിച്ചതുകേട്ട് വാതിൽ തുറന്ന ഉടനെ തേജസ് അകത്തേക്ക് ഓടിക്കയറി. പർദ ധരിച്ചാണു വന്നത്. തേജസിന്റെ മുഖം വ്യക്തമായി കണ്ടു. അവൻ കയ്യിലുണ്ടായിരുന്ന പെട്രോൾ വീടിനുള്ളിൽ ഒഴിച്ചു. തുടർന്നായിരുന്നു ആക്രമണം. ഈ സമയം ഞാൻ പുറത്തേക്കോടി റോഡിലിറങ്ങി ആളുകളെ വിളിച്ചുകൂട്ടി. ബൈക്കിൽ വന്നവരൊക്കെ, ഞാൻ പറയുന്നതു കേട്ടതല്ലാതെ, സംഭവം നോക്കി പോയതല്ലാതെ, ആരും ഇങ്ങോട്ടു വന്നില്ല. തേജസിന്റെ കുത്തേറ്റ് ഫെബിന്റെ ദേഹത്തുനിന്നു വെള്ളം പോലെ രക്തം ഒഴുകി. അവൻ ഓടിവന്നു എന്റെയടുത്തു വീണു. ആക്രമണത്തിനുശേഷം കൂസലില്ലാതെയാണു തേജസ് നടന്നുപോയത്’’– ഡെയ്സി പറഞ്ഞു.
കണ്ണൂരിൽ നാലുമാസം പ്രായമുള്ള പെൺ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ : കുഞ്ഞിനെ കാണാതായത് അർധരാത്രിയോടെ
അതേസമയം തേജസിനു ക്രിമിനൽ പശ്ചാത്തലമില്ലെന്നും അയൽവാസികളുമായി നല്ല ബന്ധത്തിലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. തേജസും ഫെബിന്റെ സഹോദരിയും തമ്മിൽ വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് ഇതിൽനിന്നു സഹോദരി പിന്മാറിയതാണു തേജസിനു വൈരാഗ്യമുണ്ടാകാൻ കാരണമെന്നു പോലീസ് വ്യക്തമാക്കി. മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ യുവതിയെയും മാതാപിതാക്കളെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണു തേജസ് എത്തിയതെന്നും പോലീസ് പറഞ്ഞു.
ഇന്നലെയാണ് ഫാത്തിമാ മാതാ നാഷനൽ കോളജ് രണ്ടാം വർഷം ബിസിഎ വിദ്യാർഥിയും ഉളിയക്കോവിൽ വിളപ്പുറം ജോർജ് ഗോമസിന്റെ മകനുമായ ഫെബിൻ ജോർജ് ഗോമസ് (21) കുത്തേറ്റു മരിച്ചത്. പിന്നീട് പ്രതി തേജസ്സ് രാജിനെ (23) ചെമ്മാൻമുക്ക് റെയിൽവേ ഓവർബ്രിജിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.