കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് പൂർവ വിദ്യാർഥികൾ പിടിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പോലീസ് പിടികൂടിയത്. ഇന്നലെ പിടിയിലായ വിദ്യാർഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർഥികൾക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് പിടിയിലായ ഇരുവരും. ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പോലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.
വ്യാഴാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ വരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ 2 എഫ് ഐ ആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ്ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യൻ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. പിന്നീട് അഭിരാജിനെയും ആദിത്യനെയും പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
അതേസമയം കേസിൽ രാഷ്ട്രീയ പോരും മുറുകുകയാണ്. രണ്ട് കിലോയോളം കഞ്ചാവുമായി പിടിയിലായ ആകാശിനൊപ്പം മുറിയിൽ താമസിച്ചിരുന്ന കെഎസ്‍യു നേതാവ് ആദിലിനെതിരെയും കേസെടുക്കാൻ പോലീസിനുമേൽ സമ്മർദമേറുകയാണ്. എന്നാൽ കഞ്ചാവ് പിടിക്കുന്ന സമയത്ത് ആദിൽ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും ആദിലിനെ പ്രതിയാക്കിയാൽ കോടതിയിൽ കേസിനു തന്നെ തിരിച്ചടിയായേക്കുമെന്നുമുളള ആശങ്കയാണ് അന്വേഷണ ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്.